മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ നക്സലുകളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 15 നക്സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാവതി നദിയില്‍ നിന്നുമാണ് നക്സലുകളുടെ ചീഞ്ഞ് തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 11 ശരീരങ്ങള്‍ സ്ത്രീകളുടേതാണ്.
ഞായറാഴ്ചയായിരുന്നു പോലീസ് കമാന്‍ഡോകളും സി.ആര്.പി.എഫ് ജവാന്മാരും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ നക്സലുകള്‍ കൊല്ലപ്പെട്ടത്. റാലെ-കസ്നാസൂര് വനത്തില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. രാവിലെ 10 മണിക്ക് നടന്ന് ആക്രമണം 90 മിനുട്ട് നീണ്ട് നിന്നു. 40 മുതല്‍ 50 വരെ വരുന്ന നക്സലുകള്‍ സേനക്കെതിരെ ആക്രമണം നടത്തി. ഇതില്‍ 31 നക്സലുകള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ 15 പേര് സ്ത്രീകളാണ്. ഇതുകൂടാതെ തിങ്കളാഴ്ച നയിനര്‍ വനത്തില്‍ വെച്ച് നടന്ന ആക്രമണത്തില്‍ 6 നക്സലുകളെ കൂടി വധിച്ചുവെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ സംഖ്യ ഇതിലും കൂടുതലാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കൂടാതെ പല ആയുധങ്ങളും സേന കണ്ടെത്തിയിരുന്നു.
മരിച്ചവര്‍ക്ക് ഒരു കോടിയിലേറെ രൂപയുടെ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിന് മുമ്പ് ഡിസംബറിലായിരുന്നു ഗഡ്ച്ചിറോളി പോലീസ് 8 മാവോയിസ്റ്റുകളെ വധിച്ചിരുന്നത്.
നക്സലുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സര്‍ക്കാരിന്റെ പല പദ്ധതികളുമാണ് നക്സലുകളെപ്പറ്റിയുള്ള നിര്‍ണ്ണായകമായ വിവരങ്ങല്‍ പോലീസിന് ലഭിക്കാന്‍ കാരണമായതെന്ന് ഡി.ജി.പി സതീഷ് മാഥുര്‍ പറഞ്ഞു.
Discussion about this post