തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി നല്കി മനുഷ്യാവകാശ കമ്മീഷന്. നിയമ പ്രകാരം ചെയ്യേണ്ട ജോലി മാത്രമാണ് ചെയ്തത് പരിധി വിട്ട് ഇടപെട്ടിട്ടില്ലെന്നും കമ്മീഷന് അദ്ധ്യക്ഷന്‍ പി മോഹന്‍ദാസ്. ‘മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതി’യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെതിരേയല്ല ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സംസാരിച്ചത്. ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ് എത്ര വലിയ ഉദ്യോഗസ്ഥനായാലും അയാള്‍ കുറ്റാരോപിതനാണ്. സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് നിലപാടെന്നും. മാധ്യമങ്ങളോട് സംസാരിക്കാന്‍ അവകാശമുണ്ടെന്നും കമ്മീഷന് വിശദമാക്കി.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. ചെയര്മാന് സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി വിശദമാക്കി.
നേരത്തെ കമ്മീഷന് അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മൗനം വെടിഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ പി. മോഹനദാസിനെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post