ഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിലവിലെ അഞ്ച് മന്ത്രിമാര്‍ ജയിക്കാന്‍ എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വേ. ദിവസങ്ങള്‍ മാത്രം ശേഷിക്കെ എഐസിസി സര്‍വേയിലാണ് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന കണ്ടെത്തലുകള്‍ ഉള്ളത്.
. ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനും സംസ്ഥാന ഐടി-ടൂറിസം മന്ത്രിയുമായ പ്രിയങ്ക് ഖര്‍ഗെ, ജലവിഭവ വകുപ്പ് മന്ത്രി എം.ബി.പാട്ടീല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ.മഞ്ചു, നഗരവികസന മന്ത്രി റോഷന് ബെയ്ഗ്, ഖനന വകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണി എന്നിവരാണ് തോല്ക്കാന് സാധ്യത ഉള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇവരുടെ മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരം ദൃശ്യമാണെന്ന് സര്‍വ്വ വിശദീകരിക്കുന്നു. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവും എഐസിസി സര്‍വെയിലെ കണ്ടെത്തലുകളെ ശരി വയ്ക്കുന്നുണ്ട്. 2013ല്‍ പാട്ടീല്‍ 4,355 വോട്ടിനും , കുവല്ക്കര്ണി 18,500നടുത്ത് വലിയ മാര്‍ജിനിലുമാണ് അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചു കയറിയത്. എന്നാല്‍ ഇത്തവണ അത് അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് സര്‍വേകളാണ് കോണ്‍ഗ്രസ് നടത്തിയത്. അതില്‍ രണ്ടെണ്ണം എഐസിസിയും ഒരെണ്ണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമാണ് നടത്തിയത്. മൂന്ന് സര്‍വേകളും നേരിയ ഭൂരിപക്ഷത്തിന് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. സംസ്ഥാന കെപിസിസി ( കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) നടത്തിയ സര്‍വേ പ്രകാരം 125 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നാണ് വിലയിരുത്തല്‍. അതേസമയം 120നടുത്ത് സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് എഐസിസി സര്‍വ്വേ അവകാശപ്പെടുന്നത്. നരേന്ദ്രമോദി പ്രചരണത്തിനെത്തിയതോടെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായി എന്ന വിലയിരുത്തലും അവസാന ഘട്ടത്തില്‍ ഉയരുന്നുണ്ട്.
സംസ്ഥാനത്തെ ഇളക്കി മറിച്ചുള്ള മോദിയുടെ പ്രചരണം ഗുണം ചെയ്യുമെന്നാണ് ബിജെപിയും കരുതുന്നത്. അനുകൂല സാഹചര്യം പരമാവധി മുതലെടുക്കാന്‍ പ്രധാനമന്ത്രിയുടെ റാലികളുടെ എണ്ണവും ബിജെപി കൂട്ടി.
Discussion about this post