ന്യൂഡൽഹി : ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പുഷ്പകിന്റെ ലാൻഡിംഗ് പരീക്ഷണം വിജയം . കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് മൂന്നാമത്തെ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) ലാൻഡിംഗ് പരീക്ഷണം പൂർത്തിയാക്കിയത്. രാവിലെ 7 10 ഓടെയാണ് ലാൻഡിംഗ് നടന്നത്. ആർഎൽവി പരീക്ഷണ പേടകത്തിന് പുഷ്പക് എന്നാണ് നൽകിയിരിക്കുന്ന പേര്.
ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം പുഷ്പക് താഴേക്ക് ഇടുകയായിരുന്നു. പുഷ്പക് സ്വയം ദിശയും വേഗവും നിയന്ത്രിച്ച് റൺവേയിൽ ഇറങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിംഗ് പരീക്ഷണം നടന്നത്. പിന്നീട് ഈ വർഷം മാർച്ച് 22 നായിരുന്നു രണ്ടാമത്തെ ലാൻഡിംഗ് പരീക്ഷണം . മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മൂന്നാമതൊരു പരീക്ഷണത്തിന് ഐഎസ്ആർഒ ഒരുങ്ങിയത്.
പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് പുഷ്പക്. രൂപകൽപന, ഡവലപ്മന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്സിയിലാണ് തയാറാക്കിയത്. ഇസ്റോയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. എല്ലാ ഘടകങ്ങളും നിർമിച്ചതും ഇന്ത്യയിലെ സ്ഥാപനങ്ങളിലാണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്‌പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും സാധിക്കും. വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.
Discussion about this post