ചൈനയുടെ നാവിക സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി-നേവിയുടെ (പി.എല്‍.എ.എന്‍) ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള സാന്നിദ്ധ്യം ആശങ്കാജനകമെന്ന് ഇന്ത്യന്‍ നാവിക സേനാ മേധാവി സുനില്‍ ലന്‍ബ പറഞ്ഞു. ചൈന ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വിന്യസിക്കുന്ന കപ്പലുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് സജ്ജമായ 50 കപ്പലുകളെ ഈ പ്രദേശത്ത് ഇന്ത്യ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
ചൈനയ്ക്ക് അവരുടെ കപ്പലുകളെ ദീര്‍ഘദൂരത്ത് നിന്നും നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടബാധിതരായുള്ള രാജ്യങ്ങളില്‍ നാവിക സൈന്യത്താവളങ്ങള്‍ നിരമ്മിക്കുക എന്നതാണ് ചൈനയുടെ തന്ത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചൈനയ്ക്ക് നാവിക സൈന്യത്താവളമുണ്ട്. ഇത് വഴി കടന്ന് പോയ ഒരു യു.എസ് വിമാനത്തിന് നേരെ ചൈന അതിശക്തമായ ലേസര്‍ രശ്മികള്‍ പുറപ്പെടുവിച്ചുവെന്ന് കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ജിബൂട്ടി കൂടാതെ ശ്രീലങ്ക, മാലിദ്വീപ്, പാക്കിസ്ഥാന്‍ തുടങ്ങിയ കടബാധിത രാജ്യങ്ങളിലും ചൈനയ്ക്ക് നാവികത്താവളങ്ങളുണ്ട്. ജിബൂട്ടിയില്‍ നിന്നും ചൈനയ്ക്ക് അവരുടെ കപ്പലുകളെ നിയന്ത്രിക്കാന്‍ എളുപ്പമാണ്.
സഹകരണവുമായി മുന്നോട്ട് വരുന്ന ചൈനയെ സൂക്ഷിക്കണമെന്ന് ഫെബ്രുവരിയില്‍ ലന്‍ബ ‘ദുര്‍ബല’ രാജ്യങ്ങളോട് പറഞ്ഞിരുന്നു. വരും വര്‍ഷങ്ങളില്‍ ചൈന നാവിക മേഖലയില്‍ ഒരു വലിയ ശക്തിയായി മാറുമെന്ന് മുന്‍ റിയര്‍ അഡ്മിറലായ സുദര്‍ശന്‍ ശ്രീഖണ്ഡെ പറഞ്ഞു.
ഏതൊരു സമയത്തും ആറ് മുതല്‍ ഏഴ് വരെ ചൈനീസ് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുമെന്ന് ലന്‍ബ വ്യക്തമാക്കി. ഇത് കൂടാതെ മുങ്ങിക്കപ്പലുകളും ചൈന ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ തങ്ങളുടെ സാന്നിദ്ധ്യവും വര്‍ധിപ്പിക്കുമെന്നും ലന്‍ബ പറഞ്ഞു.
Discussion about this post