ഇന്‍ഡോര്‍: കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് തനിനിറം കാണിച്ചു . ബൗളിംഗിലും ബാറ്റിംഗിലും ടീം മിന്നിത്തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സിനെ കാത്തിരുന്നത് പത്തു വിക്കറ്റ് വിജയം.
പഞ്ചാബ് ഉയര്‍ത്തിയ 89 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗളൂരിനെ, 71 പന്തുകള്‍ ബാക്കിനില്‍ക്കെ 8.1 ഓവറില്‍ ഓപ്പണര്‍മാരായ വിരാട് കോഹ്ലിയും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് വിജയത്തിലേക്കു നയിക്കുകയായിരുന്നു. കോഹ്ലി 28 പന്തില്‍ 48 റണ്‍സുമായും പാര്‍ഥിവ് പട്ടേല്‍ 22 പന്തില്‍ 40 റണ്‍സുമായും പുറത്താകാതെനിന്നു.
നേരത്തെ, ടോസ് നേടിയ ബാംഗളൂര്‍ പഞ്ചാബിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സന്ദര്‍ശക ബൗളര്‍മാര്‍ ശൗര്യം കാട്ടിയപ്പോള്‍ പേരുകേട്ട കിംഗ്സ് ഇലവന് പഞ്ചാബ് ബാറ്റിംഗ് നിര തകര്‍ന്നു. ഫലം ടീം 15.1 ഓവറില്‍ 88-ന് ഓള്‍ഔട്ട്.
ഉമേഷ് യാദവിന്റെ മികച്ച ബൗളിംഗാണ് പഞ്ചാബിനെ തകര്‍ത്തത്. യാദവ് 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. കെ.എല്‍.രാഹുല്‍(21), ക്രിസ് ഗെയില്‍(18), ആരണ് ഫിഞ്ച്(26) എന്നിവര്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കോളിന് ഗ്രാന്‍ഡ്ഹോം, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് നേടി യാദവിനു പിന്തുണ നല്കി.
Discussion about this post