ഭുവനേശ്വർ : ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ ജാവലിൻ ത്രോ മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. 82.27 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. 82.06 മീറ്റർ ദൂരമറിഞ്ഞ് ഡിപി മനു രണ്ടാം സ്ഥാനത്ത് എത്തി. എന്നാൽ പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ ഡിപി മനുവിന് കഴിഞ്ഞിട്ടില്ല.
നീരജ് ചോപ്ര, കിഷോർ ജെന എന്നീ താരങ്ങൾ നേരത്തെ തന്നെ പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ മറ്റു താരങ്ങൾക്ക് ഒളിമ്പിക്സിലേക്ക് യോഗ്യത നേടണമെങ്കിൽ ഫെഡറേഷൻ കപ്പിൽ ജാവലിൻ 85 മീറ്റർ ദൂരമെങ്കിലും എറിയണമായിരുന്നു. എന്നാൽ നീരജ് ചോപ്ര അടക്കം പങ്കെടുത്ത താരങ്ങൾക്ക് ആർക്കും തന്നെ 85 മീറ്റർ ദൂരം തികയ്ക്കാൻ കഴിഞ്ഞില്ല.
ഫെഡറേഷൻ കപ്പിൽ 90 മീറ്റർ ദൂരം തികക്കാൻ ശ്രമിക്കുമെന്നായിരുന്നു നീരജ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ നീരജിനും ഫെഡറേഷൻ കപ്പിൽ കഴിഞ്ഞില്ല. നിലവിൽ 89.94 മീറ്റർ ആണ് നീരജ് ചോപ്രയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. നേരത്തെ നടന്ന ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ ദൂരം എറിയാൻ നീരജിന് കഴിഞ്ഞിരുന്നു. എന്നാൽ തുടർച്ചയായി ഉണ്ടായ പരിക്കുകൾ ഫെഡറേഷൻ കപ്പിൽ നീരജിന് ദോഷം ചെയ്തെന്നാണ് കണക്കാക്കുന്നത്.
Discussion about this post