തനിക്കെതിരെ മുസ്ലിം ലീഗും ബിജെപിയും വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണെന്ന ആരോപണവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. വ്യാജവാര്‍ത്ത സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജലീല്‍ വ്യക്തമാക്കുന്നു.
അസത്യം സത്യമാണെന്ന ഭാവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ മുകളിലിരുന്ന് ‘ഒരാള്‍’ ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത് . റംസാന് സമാഗതമാവുകയാണ് . എനിക്ക് നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ-എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
വ്യാജ വാര്‍ത്തക്കെതിരെ
നിയമ നടപടി …… ,
——————————————————————————-
വ്യാജവാര്‍ത്തകള്‍ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗും . യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും . മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോള്‍ കേള്‍വിക്കാരില്‍ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ ബി.ജെ.പിക്ക് ലാഭമാണെന്നാണ് . മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാര്‍ട്ടികളാണ് ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക . ലീഗ് നേതൃത്വം പക്വമാര്‍ന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ് . എന്നാല്‍ അനുയായികള്‍ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കള്‍ ഫലപ്രദമായി തടയാന്‍ ശ്രമിക്കാറില്ല . ലീഗിന്റെ സൈബര്‍ പോരാളികളെന്ന് ചമയുന്നവര്‍ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് . കളവ് പറയല്‍ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് ‘അഭിമാനം’ കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കും .
ആര് തെറ്റ് ചെയ്താലും വിമര്‍ശിക്കണം ചൂണ്ടിക്കാണിക്കണം . അസത്യം സത്യമാണെന്ന ഭാവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ മുകളിലിരുന്ന് ‘ഒരാള്‍’ ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത് . റംസാന് സമാഗതമാവുകയാണ് . എനിക്ക് നല്ലത് വരുത്താന്‍ പ്രാര്‍ത്ഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ . നിങ്ങള്‍ ട്രോളിയ ഇതോടൊപ്പം ഇമേജായി ചേര്‍ത്തിട്ടുള്ള ചിത്രത്തില്‍ പറയുന്ന വിഷയത്തില്‍ സത്യത്തിന്റെ ഒരു അണുമണിത്തൂക്കമെങ്കിലുമുണ്ടെങ്കില്‍ , ഈ റംസാന് നാളുകളില്‍ ഈയുള്ളവന്റെ സര്‍വ്വനാശത്തിനായി മനസ്സറിഞ്ഞ് നിങ്ങളോരോരുത്തരും പ്രാര്‍ത്ഥിക്കുക . ട്രോളന്മാരോടും അത് ഷെയര്‍ ചെയ്തവരോടും ഇതില്‍ ശരിയുടെ അംശമുണ്ടെന്ന് കരുതുന്നവരോടും ഇതിലപ്പുറം ഞാനെന്ത് പറയാനാണ് ?
പത്ത് മാസം മുമ്പാണ് എന്നെ ബന്ധിപ്പിച്ച് ഒരശ്ലീല ഫോട്ടോ ഒരു യൂത്ത് ലീഗ് പ്രവര്ത്തകന് പോസ്റ്റ് ചെയ്തത് . ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കി . ഗള്‍ഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു . ചെയ്ത തെറ്റില്‍ പശ്ചാതപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനോട് എന്ത് പറയാന്‍ . പരാതിയില്ലെന്ന് എഴുതിക്കൊടുത്തു . അയാള്‍ കുറ്റവിമുക്തനായി . താഴേകൊടുത്ത ചിത്രത്തില്‍ ചേര്‍ത്ത വാചകങ്ങള്‍ പടച്ചു വിട്ടവര്‍ക്കെതിരായി നിയമനടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല . കളിയാക്കലോ പരിഹാസമോ ആകാം . പക്ഷെ കല്ലുവെച്ച നുണ കെട്ടിച്ചമച്ച് നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലക്കും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല . എല്ലാവര്ക്കും റംസാന് മുബാറക്ക് .
Discussion about this post