ഡല്‍ഹി: കര്‍ണാടകയില്‍ വിശ്വാസവോട്ട് നടത്താനുള്ള പ്രോടെം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കെ.ജി. ബൊപ്പയ്യയെ ഗവര്‍ണര്‍ കീഴ്വഴക്കങ്ങള് ലംഘിച്ച് നിയമിച്ചതിനെതിരെ വെള്ളിയാഴ്ച രാത്രി സമര്‍പ്പിച്ച ഹരജി ശനിയാഴ്ച രാവിലെ 10.30ന് കോടതി തുറന്ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കോണ്‍ഗ്രസും ജനതാദളുമാണ് ഹരജി സമര്‍പ്പിച്ചത്. രാവിലെ 11 മണിക്ക് നിയമസഭ സമ്മേളനം ഗവര്‍ണര്‍ വിളിച്ചുചേര്‍ത്തതിന് അരമണിക്കൂര്‍ മുമ്പാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അര്‍ധരാത്രിയും സുപ്രിം കോടതി പ്രവര്‍ത്തിച്ചിരുന്നു.
സുപ്രീംകോടതി രജിസ്ട്രാറുടെ അനുമതിയോടെ വെള്ളിയാഴ്ച രാത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. ഹരജി ഫയല്‍ ചെയ്യാന്‍ ചെന്ന അഭിഭാഷകരെ സുപ്രീംകോടതി സുരക്ഷ ജീവനക്കാര്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. മുതിര്‍ന്ന നിയമസഭ സാമാജികനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുക്കുക എന്ന കീഴ്വഴക്കം തെറ്റിച്ച് മുന്‍ സ്പീക്കര്‍ കൂടിയായ ബൊപ്പയ്യയെ നിയമിച്ച ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പകരം ഏറ്റവും മുതിര്‍ന്ന സാമാജികനായ കോണ്‍ഗ്രസ് എംഎല്‍എയെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
Discussion about this post