ന്യൂഡൽഹി : ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാരീസിലേക്ക് യാത്രയാകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. എല്ലാ താരങ്ങളും രാജ്യത്തിന് അഭിമാനം നൽകാൻ പോകുന്നവരാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി താരങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പിടി ഉഷ നയിക്കുന്ന സംഘത്തിൽ 120 ഇന്ത്യൻ അത്‌ലറ്റുകൾ ആണ് ഉള്ളത്.
നിലവിൽ വിദേശത്തുള്ള ഇന്ത്യൻ ജാവ്‌ലിൻ താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ നീരജ് ചോപ്ര, രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധു, ബോക്സിങ് ലോക ചാമ്പ്യൻ നിഖത് സരിൻ എന്നിവരുമായും പ്രധാനമന്ത്രി ഓൺലൈനിലൂടെ ആശയവിനിമയം നടത്തി. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഏഴ് മെഡലുകളെക്കാൾ മികച്ച മെഡൽ പട്ടിക രേഖപ്പെടുത്താൻ പാരീസ് ഒളിമ്പിക്സിന് കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിക്കുന്നത്. ഓഗസ്റ്റ് 11ന് ഒളിമ്പിക്സ് മത്സരങ്ങൾ സമാപിക്കും. 184 രാജ്യങ്ങളിൽ നിന്നായി ഏകദേശം 10,500 അത്‌ലറ്റുകൾ ആണ് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 329 മത്സര ഇനങ്ങൾ ആയിരിക്കും 2024 ഒളിമ്പിക്സിൽ ഉണ്ടായിരിക്കുക. ഒളിമ്പിക്സ് മത്സരങ്ങൾ അവസാനിച്ച ശേഷം ഓഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എല്ലാ അത്‌ലറ്റുകളും ചെങ്കോട്ടയിൽ വരണമെന്ന് പ്രത്യേകം ക്ഷണിച്ചാണ് പ്രധാനമന്ത്രി പാരിസിലേക്കുള്ള കായികസംഘത്തെ യാത്രയാക്കിയത്.
Discussion about this post