മുംബൈ : അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി. മുംബൈയിലെ ഒരു സ്വകാര്യ വിമാനത്താവളത്തിൽ വന്നെത്തിയ ജസ്റ്റിൻ ബീബറിനെ സുരക്ഷാസംഘം പ്രത്യേക വാഹനത്തിൽ അംബാനി കുടുംബം ഒരുക്കിയിട്ടുള്ള താമസ സൗകര്യസ്ഥലത്തേക്ക് കൊണ്ടുപോയി. 2017ൽ മുംബൈയിൽ ഒരു സംഗീത പരിപാടി അവതരിപ്പിച്ചതിന് ശേഷം ജസ്റ്റിൻ ബീബറിന്റെ രണ്ടാം മുംബൈ സന്ദർശനം ആണിത്.
2022ൽ റാംസെ ഹണ്ട് സിൻഡ്രോം എന്ന അസുഖം ബാധിച്ചതിനു ശേഷം ജസ്റ്റിൻ ബീബർ നടത്തുന്ന ആദ്യത്തെ ലൈവ് സംഗീത പരിപാടിയാണ് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷ ചടങ്ങിൽ ഉണ്ടാവുക. അസുഖത്തിൽ നിന്നും സുഖം പ്രാപിച്ചതിനുശേഷം അദ്ദേഹം ഏറെ നാളുകളായി ലൈവ് പരിപാടികളിൽ ഒന്നും പങ്കെടുത്തിട്ടില്ലാത്തതിനാൽ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് അംബാനി വിവാഹത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത്.
ഈ വർഷം ആദ്യം ജസ്റ്റിൻ ബീബറും ഭാര്യ ഹെയ്ലി ബീബറും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി താരം വിദേശപര്യടനങ്ങൾ ഒന്നും നടത്തിയിരുന്നില്ല. അനന്ത് അംബാനിയുടെ വിവാഹനിശ്ചയ ചടങ്ങിൽ പോപ് താരം റിഹാന അവതരിപ്പിച്ച സംഗീത പരിപാടി ലോകമാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റിഹാനയെക്കാൾ കൂടുതൽ പ്രതിഫലം നൽകിയാണ് വിവാഹ ചടങ്ങിനുള്ള പരിപാടികൾക്കായി ജസ്റ്റിൻ ബീബറിനെ അംബാനി കുടുംബം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്.
Discussion about this post