ന്യൂഡൽഹി: നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രിട്ടനുമായുള്ള സൗഹൃദം ശക്തമായി തന്നെ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില് സ്റ്റാർമർ വിജയിച്ചതിന് പിന്നാലെ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ബ്രിട്ടനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച കെയർ സ്റ്റാർമറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ മേഖലയിലുമുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും കാരണം ആകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പദം ഒഴിയുന്ന ഋഷി സുനകിന് നരേന്ദ്ര മോദി നന്ദിയും പറഞ്ഞു. ആരാധന തോന്നുംതരത്തിൽ ബ്രിട്ടണെ നയിച്ചതിന് നന്ദി. പദവിയിലിരിക്കെ താങ്കൾ നൽകിയ സംഭാവന ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ആഴമേറിയതാക്കാൻ സഹായിച്ചു. ഋഷി സുനകും കുടുംബവും നന്നായിരിക്കാൻ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലേബർപാർട്ടി നേതാവാണ് കെയർ സ്റ്റാർമർ. കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയും ആയിരുന്ന ഋഷി സുനക് പരാജയം സമ്മതിച്ചതോടെയാണ് സ്റ്റാർമർ അധികാരം സ്വന്തമാക്കിയത്. നീണ്ട 14 വർഷത്തിന് ശേഷമാണ് ലേബർ പാർട്ടി നേതാവ് അധികാരത്തിൽ വരുന്നത്.
Discussion about this post