ലഖ്നൗ: ഉത്തര്‍പ്രദേശിലെ മദ്രസ്സകളിലെ വിദ്യഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്ക് യുപി സര്‍ക്കാര്‍ അംഗീകാരം. മദ്രസ്സകളില്‍ മതവിദ്യാഭ്യാസത്തിനും ഉറുദു മീഡിയത്തിനും പുറമേ ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളും കണക്ക്, ശാസ്ത്രം, കമ്പ്യൂട്ടര്‍ കോഴ്സുകള്‍, സാമൂഹിക ശാസ്ത്രങ്ങള്‍ എന്നിവ പഠിപ്പിക്കുകയും വേണമെന്ന ഭേദഗതിക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്കി. യു.പിയിലെ സര്‍ക്കാര്‍ ഇതര അറബി/ പേര്‍ഷ്യന്‍ മദ്രസ്സകളുടെ അംഗീകാരവും സേവന, ഭരണ ചട്ടങ്ങളും മാറ്റം വരുത്തിയാണ് ഈ തീരുമാനം.
ആദ്യവിവാഹം നിലനില്‍ക്കേ രണ്ടാം വിവാഹം കഴിക്കുന്ന സബ് ഇന്‍സ്പെക്ടര്‍മാരെയും ഇന്‍സ്പെക്ടര്‍മാരേയും (സിവില്‍ പോലീസ്) സര്‍വീസില്‍ നിന്ന് ഡീബാര്‍ ചെയ്യുന്നതിനുള്ള സര്‍വീസ് റൂള്‍സ് ഭേദഗതിക്കും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
മദ്രസ്സകളില്‍ മതപഠനത്തിനൊപ്പം മറ്റ് വിഷയങ്ങളും പഠിപ്പിക്കാമെന്ന് മേയ് 15ന് ചേര്‍ന്ന യു.പി മദ്രസ്സ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇതിനുള്ള പാഠപുസ്തകം യു.പി മദ്രസ്സ ശിക്ഷ പരീഷത്ത് നിര്‍ദേശിക്കില്ല. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ആയിരിക്കും നല്‍കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ട് ഊര്‍ജ മന്ത്രി ശ്രീകാന്ത് ശര്‍മ്മയും മെഡിക്കല്‍, ആരോഗ്യ വകുപ്പ്മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗും വ്യക്തമാക്കി.
അതേസമയം, മതവിദ്യാഭ്യാസവും പേര്‍ഷ്യന്‍ വിഷയങ്ങളും ഉറുദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകളില്‍ മാത്രമായിരിക്കും പഠിപ്പിക്കുക എന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post