ലക്‌നൗ: റായ്ബറേലി മണ്ഡലത്തിൽ മകൻ രാഹുലിനായി വോട്ട് തേടി എംപിയും മുതിർന്ന കോൺഗ്രസ് വനിതാ നേതാവുമായ സോണിയാ ഗാന്ധി. രാഹുലിനെ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കുകയാണെന്ന് മണ്ഡലത്തിലെ ജനങ്ങളോട് സോണിയ പറഞ്ഞു. രാഹുൽ നിരാശപ്പെടുത്തില്ലെന്നും എന്നും സോണിയ വ്യക്തമാക്കി. വെള്ളിയാഴ്ചയായിരുന്നു സിറ്റിംഗ് എംപിയായ സോണിയ റായ്ബറേലിയിൽ എത്തിയത്.
നിങ്ങളുടെ സ്‌നേഹം ഒരിക്കലും എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടില്ല. അതിനാൽ ഇക്കുറി എന്റെ മകനെ നിങ്ങളെ ഞാൻ വിശ്വസിച്ച് ഏൽപ്പിക്കുകയാണ്. സ്വന്തം കുടുംബാംഗം ആയിട്ട് ആയിരുന്നു നിങ്ങൾ ഓരോരുത്തരും എന്നെ കണ്ടത്. ഇനി നിങ്ങൾ ആ സ്ഥാനത്ത് രാഹുലിനെ കാണണം. രാഹുൽ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
നിങ്ങളെ സേവിക്കാൻ 30 വർഷക്കാലം എനിക്ക് അവസരം നൽകി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ആണ് ഇത്. റായ്ബറേലി മണ്ഡലവുമായി തന്റെ കുടുംബത്തിന് 100 വർഷത്തെ ബന്ധമാണ് ഉള്ളതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് അഖിലേഷ് യാദവും ജനങ്ങളോട് അഭ്യർത്ഥിച്ചു. സമാജ് വാദി പാർട്ടി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഒരുപോലെ രാഹുലിന് വോട്ട് നൽകണം. ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗിന് ഭൂമാഫിയയുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്റെ വിജയത്തിലൂടെ ഇക്കൂട്ടർക്ക് മറുപടി നൽകണം എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post