ഇസ്ലാമാബാദ്; പാക്കിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഉദ്യോഗസ്ഥനൊപ്പം പുസ്തകം പുറത്തിറക്കിയ പാക്കിസ്ഥാന് ഐഎസ്ഐ മുന്‍ മേധാവിക്കെതിരെ നടപടി. മുന്‍ ഐഎസ്ഐ ഉദ്യോഗസ്ഥനായ ആസാദ് ദുറാനിയോടാണ് മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് എ.എസ്. ദുലതിനൊപ്പം ചേര്‍ന്നു പുസ്തകം പ്രസിദ്ധീകരിച്ച കാരണത്താല്‍ പാക്കിസ്ഥാന് സൈനിക ആസ്ഥാനത്തു എത്തി വിശദീകരണം നല്കാന് നിര്‍ദേശിച്ചത്.
ദ് സ്പൈ ക്രോണിക്കിള്‍സ്: റോ, ഐഎസ്ഐ ആന്‍ഡ് ദ് ഇല്യുഷന് ഓഫ് പീസ് എന്ന പുസ്തകം സൈന്യത്തിലുള്ളവര് പാലിക്കേണ്ട നിബന്ധനങ്ങള്‍ക്കു വിരുദ്ധമാണെന്നാണു കണ്ടെത്തല്‍. പുസ്തകത്തില്‍ ജനറല്‍ സാഹിബ് എന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥനായ ദുലതിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കശ്മീര്‍, അഫ്ഗാനിസ്ഥാന്, പര്‍വേശ് മുഷറഫ്, നവാസ് ഷരീഫ്, കുല്ഭൂഷന് ജാദവ് തുടങ്ങി നിരവധി വിഷയങ്ങള്‍ ഇന്ത്യ- പാക്ക് മുന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതാണു പുസ്തകത്തിന്റെ പ്രമേയം.
കുല്ഭൂഷണ് ജാദവിനെതിരായ നടപടികള്‍ പാക്കിസ്ഥാന് തെറ്റായാണു കൈകാര്യം ചെയ്തതെന്ന് ആസാദ് ദുറാനി പുസ്തകത്തില്‍ സമ്മതിക്കുന്നുണ്ട്. ഉസാമ ബിന്‍ ലാദനെ വകവരുത്തുന്നതിനു യുഎസ് നടത്തിയ സൈനിക നീക്കത്തെക്കുറിച്ചു പാക്കിസ്ഥാനു നന്നായി അറിയാമായിരുന്നു. ഹുറിയത്ത് തുടങ്ങിയതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
കശ്മീരില്‍ സമാധാനം നഷ്ടപ്പെടുന്നതിനു കാരണം പാക്കിസ്ഥാനാണെന്ന് മുന്‍ ഐഎസ്ഐ മേധാവി കുറച്ചുദിവസം മുന്‍പ് ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചു നേരത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും തുറന്നടിച്ചിരുന്നു. മുന്‍ ചാര മേധാവിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പാക്കിസ്ഥാന് ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്ന് ഷരീഫ് ആവശ്യപ്പെട്ടു.
Discussion about this post