( പെന്‍ഡ്രൈവ് ) നന്ദികേശന്
നിയമം എന്നു പറയുന്ന സാധനം ഇങ്ങനെ എഴുതിവയ്ക്കാന്‍ മാത്രമുള്ളതല്ല എന്ന് നമ്മള് മനസ്സിലാക്കണം..!! പുസ്തകത്താളില്‍ അച്ചടിച്ച് വെയ്ക്കുമ്പോള്‍ അത് വെറും വാചകങ്ങള്‍ മാത്രമേ ആകുന്നുള്ളൂ…!! അത് വേണ്ട പോലെ മൊത്തമായും ചില്ലറയായും ചുരണ്ടിയെടുത്ത് വ്യാഖ്യാനിച്ച് വാദിച്ച് സ്ഥാപിക്കുമ്പോഴാണ് ഗംഭീരകീഴ്വഴക്കങ്ങളും സംഹിതകളുമൊക്കെ രൂപപ്പെടുന്നത്…!!
രാജ്യം കണ്ട എണ്ണം പറഞ്ഞ രണ്ടു നിരപരാധികളെ സംരക്ഷിച്ച നിയമസംഹിതയെ മനസ്സാ സ്തുതിച്ചുകൊണ്ടാണ് നമ്മുടെ നാട് ഇപ്പോള്‍ നില്‍ക്കുന്നത്..!! മുംബൈയിലെ തെരുവിലെ ദാരിദ്ര്യവും പട്ടിണിയും ഒരു രാത്രി കൊണ്ട് തനിക്കാവുന്ന തരത്തില്‍ തുടച്ചുമാറ്റിയ സല്മാന്ഖാന് ആണ് നമ്പര്‍ വണ്‍..!! കീഴ്ക്കോടതിയില്‍ തന്റെ നിരപാധിത്വം ശരിക്കങ്ങോട്ട് മനസ്സിലാക്കിക്കൊടുക്കാന്‍ പാവത്തിന് കഴിഞ്ഞില്ല…!!! അതുകൊണ്ട് പണിയും കിട്ടി..!! പക്ഷെ ഹൈക്കോടതിയില്‍ ചെന്നപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചില്ല..!! അതുകൊണ്ട് തന്നെ ഗുണവും ഉണ്ടായി..!! മേല്‍ക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കീഴ്കോടതിയുടെ വിധിപ്പകര്‍പ്പ് കൂടി വേണം എന്നുള്ള ഘടാഘടിയന്വകുപ്പൊക്കെ ഒരു മൂലയ്ക്ക് ഒതുക്കി വെച്ചാണ് ഖാന് സാഹിബ്ബിന്റെ അപേക്ഷ കോടതി കയിച്ചിലാക്കികൊടുത്തത്…!! കോടതി അവധിയില്‍ പ്രവേശിക്കാനിരിക്കെ അമ്മാതിരി വകുപ്പും ചട്ടോം ഒക്കെ നോക്കാന്‍ നിന്നാല്‍ നീതി നിഷേധിക്കപ്പെടുമത്രേ..!! കണ്ടുപഠിക്കണം നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഒരു കരുതലും പൗരബോധവും…!! ഒരു കേസ് കൊടുത്ത്പോയി എന്ന ഒരൊറ്റ തെറ്റിന്റെ പേരില്‍ ഒരായുഷ്കാലം മുഴുവന്‍ കോടതി വരാന്ത നിരങ്ങിയും വക്കീലിനെ തീറ്റിപ്പോറ്റിയും ഒടുവില്‍ ആ വരാന്തയില്‍ത്തന്നെ ജീവിതം കത്തിത്തീരുകയും ചെയ്ത ആയിരക്കണക്കിന് ജന്മങ്ങള് ഈ വാര്‍ത്ത അറിഞ്ഞ് അങ്ങേലോകത്ത് അഭിവാദ്യപ്രകടനം നടത്തി എന്നാണ് ചാനലിന്റെ പരലോകഡെസ്ക് റിപ്പോര്‍ട്ട് ചെയ്തത്..!! ചില വണ്ടികള്‍ അങ്ങനെയാണ്…!! ഒരു ഇഞ്ച് പോലും ചലിക്കാതെ കാലങ്ങളോളം ഒരു മൂലയില്‍ കിടന്നുകളയും…!! പക്ഷെ എഴുന്നേറ്റ് ഓടിത്തുടങ്ങിയാല്‍ പിന്നെ എങ്ങോട്ടാണ് ഓടുന്നത് എന്ന് ആര്‍ക്കും ഒരു പിടീം ഉണ്ടാവില്ല…!!
ഖാന് സാഹിബ്ബിന്റെ കാര്യം കൊണ്ട് അവസാനിച്ചു എന്ന് വിചാരിച്ചവരൊക്കെ മണ്ടന്മാരായി….!! ശരിക്കുള്ളത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ…!! കീഴ്ക്കോടതിയുടെ വിധി മേല്‍ക്കോടതിയില്‍ വിശകലനം ചെയ്തപ്പോള്‍ ജയാമ്മ പോലും കുറ്റവിമുക്തയായി…!! അതാണ് വ്യാഖ്യാനം…!! ജയാമ്മയുടെ സ്വത്തുക്കളുടെ മൂല്യം നിര്‍ണ്ണയിച്ചതില്‍ അടിമുടി പിഴവാണത്രേ…!! 34.76 കോടി രൂപയുടെ സ്വത്ത് അമ്മയ്ക്കുണ്ട് എന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണ്…!! എന്നാല്‍ 37.59 കോടി രൂപയുടെ സ്വത്ത് ഉണ്ട് എന്ന തെളിവു ഹാജരാക്കാനേ പ്രോസിക്ക്യൂഷന് കഴിഞ്ഞുള്ളു..!! അതായത് വെറും 2.83 കോടിയുടെ വര്‍ദ്ധനവ് മാത്രം; വെറും 8.12 ശതമാനം..!!! ഛെ ഛെ…!! ഈ വക ചീള് കേസിനാണോ ഇത്രയും നാള് കുറേ വക്കീലന്മാര് ഫീസും വാങ്ങി വാദിച്ചു നടന്നത്..??!! സ്വത്തില്‍ 8.12 ശതമാനം വര്‍ദ്ധനവൊക്കെ നമ്മള് ഒരു പണിയും ചെയ്യാതെ വെറുതെയിരുന്നാലും വരുമത്രേ..!! അമ്മാതിരിയാണ് നമ്മുടെ നാട്ടിലെ പണപ്പെരുപ്പം ..!! മാത്രമല്ല അവിഹിതസ്വത്ത് സമ്പാദനം 10 ശതമാനത്തില്‍ കുറവാണെങ്കില്‍ അത്ര വല്യ അപരാധമായി കാണേണ്ട എന്നൊരു സുപ്രീംകോടതി വിധിയും ഉണ്ട്..!! പിന്നെ എന്തോന്ന് കേസ്..??!! ഇതാണ് പറഞ്ഞത് നിയമം ചുമ്മാ പുസ്തകത്തിലെഴുതി വച്ചാപ്പോരാ വ്യാഖ്യാനിക്കാനും പറ്റണം എന്ന്..!!! ഇനിയിപ്പോള്‍ ഇതേ സുപ്രീംകോടതി വിധി വച്ച് ഒരുത്തനെ ശിക്ഷിക്കണോ..??!! അതും പറ്റും..!! ഉദാഹരണത്തിന് തെരുവില്‍ കിടക്കുന്ന ഏതെങ്കിലും ഒരുത്തന് വിശപ്പ് സഹിക്കാഞ്ഞ് അടുത്ത പെട്ടിക്കടയില്‍ നിന്നും ഒരു പാക്കറ്റ് ബിസ്കറ്റ് കട്ടെടുത്തുകൊണ്ട് ഓടി എന്ന് വിചാരിക്ക്..!! ലവനെ തൂക്കിയെടുത്ത് പ്രതിക്കൂട്ടില്‍ നിറുത്തി ഇതേ വിധി എടുത്ത് അങ്ങോട്ട് വ്യാഖ്യാനിക്കണം..!! അവന്റെ മൊത്തം സ്വത്ത് വട്ടപ്പൂജ്യം..!!! അനധികൃതമായി അവന് സമ്പാദിച്ചത് ഇരുപത് രൂപയുടെ ബിസ്കറ്റ് പായ്ക്കറ്റ്..!! ശതമാനം കണക്കാക്കി നോക്കിയേ…!! അപ്പൊ അവനെ മിനിമം ജീവപര്യന്തം തൂക്കിക്കൊല്ലുകയെങ്കിലും വേണ്ടേ..??!! പാവം ജയാമ്മയ്ക്ക് ഇത്രയൊക്കെ സ്വാധീനവും അഹങ്കാരവും ഉണ്ട് എന്ന് പ്രതിപക്ഷവും അന്വേഷണസംഘവും ആരോപിച്ചിട്ടു പോലും ഇത്രയും കൊല്ലം കൊണ്ട് തന്റെ സ്വത്തില്‍ വെറും 9 ശതമാനത്തില്‍ത്താഴെ മാത്രമേ സമ്പാദിക്കാന്‍ കഴിഞ്ഞുള്ളു..!! അനധികൃതമായി 10 ശതമാനം വരെ സമ്പാദിക്കാം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഇദയക്കനി ഇത്രയേ സമ്പാദിച്ചുള്ളൂ…!! അപ്പൊ അമ്മയെ വെറുതെ വിട്, മറ്റേ ലവനെ തൂക്കിക്കൊല്ല്..!! നിയമം ഒരു കടുകിട പോലും മാറരുത്..!! അനധികൃതസ്വത്ത് സമ്പാദ്യം പോലെ പോക്കറ്റടി, കവര്‍ച്ച, ഭവനഭേദനം എന്നിവയ്ക്കും ഒരു മിനിമം താങ്ങുവില നിശ്ചയിച്ചു കിട്ടിയിരുന്നെങ്കില്‍ എന്തോരം കേസുകള്‍ ഒഴിവായേനെ..??!! നിയമം വ്യാഖ്യാനിക്കാന്‍ ആളില്ലാത്തതിന്റെ കുഴപ്പമാണ്…!!
ഈ വിധി കേട്ടപ്പോള്‍ മുതല്‍ മാണിസാറിന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നിട്ടുണ്ട് എന്നാണ് അടുപ്പക്കാര്‍ പറയുന്നത്..!! ചുമ്മാതല്ല ആ ചിരി..!! ഇനിയിപ്പോള്‍ ബിജു രമേശ് ഒരു കോടി രൂപ കൊടുത്തു എന്നുതന്നെ വിചാരിക്കുക…!! കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ മൊത്തം സ്വത്ത് 10 കോടിയില്‍ അധികം ഉണ്ട് എന്നങ്ങോട്ടു സ്ഥാപിച്ചാല്‍ ഈ ഒരു കോടി എന്നത് അതിന്റെ എത്ര ശതമാനം ആയിട്ട് വരും..??!! 10 ശതമാനം…!!! ഇനിയിപ്പോ പുസ്തകം വായിച്ചു പഠിച്ച് പരീക്ഷ പാസ്സായ ഒരു വക്കീലിനെ കേസ് ഏല്‍പ്പിച്ച് മാണിസാറിനു തറവാട്ടുമുറ്റത്ത് ചുമ്മാ ചാരുകസേരയില്‍ ഇരുന്നാല്‍ മതി…!! മന്ത്രിപദവി വീട്ടിലേയ്ക്ക് കാറും വിളിച്ചു വരും…!!
എന്താണെന്നറിയില്ല; നീതിയിലും നിയമത്തിലും ഉള്ള വിശ്വാസം വല്ലാതെ കൂടിക്കൂടി വരുന്നു…!! വൈദ്യനെ കാണേണ്ടി വരുമോ ആവോ….??!!
Discussion about this post