നിയമസഭയില്‍ കെവിന്റെ ദുരഭിമാനകൊല വിഷയമാക്കി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം പോലീസിന്റെയും മുഖ്യ ഭരണകക്ഷിയുടെയും ഒത്താശയോടെ നടന്ന ദുരഭിമാനക്കൊലയാണ് നടന്നത് പ്രതിപക്ഷം ആരോപിച്ചു.
കെവിന് കൊലക്കേസ് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു ദുരഭിമാനക്കൊല തന്നെയാണ്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം പ്രതികളും രാഷ്ട്രീയം പറഞ്ഞ് സംഭവം വഴിതിരിച്ചുവിടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതി ഷാന്‍ ചാക്കോ യൂത്ത് കോണ്‍ഗ്രസും, ചാക്കോ കോണ്‍ഗ്രസും ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അതു കൊണ്ട് യൂത്ത് കോണ്‍ഗ്രസാണ് കൊന്നതെന്ന് പറയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാല്‍ ഇരുവര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും ഇത് നുണ പ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
10 പോലീസ് സ്റ്റേഷന് പരിധികള്‍ കടന്നാണ് കെവിനെ തട്ടിക്കൊണ്ടുപോയത്.എന്നിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ല. കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ടെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന ഷിബുവിനെ രക്ഷിക്കാനാണ് ഇപ്പോള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമം. കേസ് സിബിഐയ്ക്ക് വിടണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളക്കിലിറങ്ങി.
Discussion about this post