കോട്ടയം : കെവിന് കൊലക്കേസിലെ പ്രതി പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ചത് വിവാദമായി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന് വീഡിയൊ കോളില്‍ സംസാരിച്ചത്. ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു സംസാരം.
ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്ക്കുമ്പോള് ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന് സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.
Discussion about this post