തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരില്‍ കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ നടക്കുന്ന തല്ല് തീര്‍ക്കാന്‍ ഇന്നു രാഷ്ട്രീയകാര്യ സമിതി ചേരാനിരിക്കെ, എല്ലാത്തിനും അമരക്കാരനായി വിശേഷിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടി മുന്‍ എംപിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയവരെ കാണാനും നീക്കമുണ്ട്.
ആന്ധ്രയിലേക്കു പോകുന്നതിനാല്‍ ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പിന്നെന്തിന് യോഗം എന്നാണ് നേതാക്കളില്‍ ചിലര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിനു കിട്ടുമെന്ന് ഉറപ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. ഇന്നു ചേരുന്ന പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹത്തിനെതിരെ നേതാക്കള്‍ ആഞ്ഞടിക്കുമെന്നും വിലയിരുത്തലുണ്ട്. സമിതിയംഗങ്ങളായ പി.ജെ. കുര്യന്, പി.സി. ചാക്കോ, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ അവസാനം വരെ സീറ്റ് പ്രതീക്ഷ നല്കി കബളിപ്പിച്ചുവെന്ന വികാരത്തിലാണ്.
രാജ്മോഹന്‍ ഉണ്ണിത്താനും, ജോസഫ് വാഴക്കനും ഉള്‍പ്പടെ ഉള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുക്കാത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
Discussion about this post