ഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലെ 18 ന് ആരംഭിക്കാനിരിക്കെ, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് ബിജെപി. പി.ജെ കുര്യന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് ബിജെപി നിശ്ചയിക്കുന്ന ആളെ എത്തിക്കാനാണ് നീക്കം. എന്നാല്‍ എന്താണ് ബിജെപിയുടെ മനസിലിരുപ്പെന്ന് വ്യക്തമല്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഴിവുള്ള സീറ്റുകളിലേക്ക് ഉടന്‍ നിയമനം നടത്താനുള്ള ആലോചനയിലാണ് ബിജെപി നേതൃത്വമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു സീറ്റുകളിലാണ് നിലവില്‍ ഒഴിവുള്ളത്. ഇത് മണ്‍സൂണ്‍ സെഷന് മുമ്പ് നികത്തുമെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, സിനിമാ താരം മാധുരി ദീക്ഷിത്ത്, മറാത്തി തിരക്കഥാകൃത്ത് ബാബാസാഹെബ് പുരന്ദരെ തുടങ്ങിയവര്‍ ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ളതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സമ്പര്‍ക്ക് സമര്‍ത്ഥന്‍ കാമ്പയിന്റെ ഭാഗമായി അടുത്തിടെ കപില്‍ദേവും മാധുരി ദീക്ഷിത്തും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. മാധുരി ദീക്ഷിത്ത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ്. കപില്‍ദേവും ബിജെപി വൃത്തങ്ങള്‍ക്ക് താല്‍പര്യം ഉള്ളയാളാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സിനിമാതാരം രേഖ, പ്രമുഖ വ്യവസായി അനു ആഗ എന്നിവരുടെ കാലാവധി ഏതാനും മാസങ്ങള്‍ക്ക് മുമ്പെ അവസാനിച്ചിരുന്നു. പ്രമുഖ അഭിഭാഷകന്‍ കെ പരാശരന്റെ രാജ്യസഭ കാലാവധി ഈ മാസം 29 ന് അവസാനിക്കും. രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വര്‍ഷകാല സമ്മേളനത്തില്‍ തന്നെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി.
പിജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെ, ഒഴിവു വന്ന ഉപാധ്യക്ഷ പദം ഒരു കാരണവശാലും പ്രതിപക്ഷത്തിന് നല്‍കാനാകില്ലെന്ന നിലപാടിലാണ് ബിജെപി.അതേസമയം സ്ഥാനം മറ്റ് കക്ഷികള്‍ക്ക് വിട്ടു നല്‍കി ബിജെപി ജയിക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുക.
നിലവില്‍ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തെലുഗുദേശം പാര്‍ട്ടി മുന്നണി വിട്ടത് എന്‍ഡിഎയ്ക്ക് ക്ഷീണമാണ്. ജനതാദള്‍ യുവിന്റെ സഹായത്തോടെ ഇത് മറികടക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ ഇരുമുന്നണിയിലും പെടാതെ നില്‍ക്കുന്ന ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി എന്നിവയുടെ പിന്തുണ എന്‍ഡിഎയും, പ്രതിപക്ഷവും കണ്ണുവെക്കുന്നുണ്ട്.
Discussion about this post