കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തു സിബിഐ റെയ്ഡ്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ പിടിച്ചെടുത്തു.
മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ് ചീഫ് എന്‍ജിനിയര്‍ ആര്‍.കെ. ഗാര്‍ഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും ആണ് സിബിഐ പരിശോധന നടത്തിയത്. ആര്‍.കെ. ഗാര്‍ഗിനെ സിബിഐ സംഘം മണിക്കൂറുകള്‍ ചോദ്യം ചെയ്തു.
ദക്ഷിണ നാവികസേനയ്ക്കും തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസാണ്. ഈ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി സിബിഐക്ക് പരാതി കിട്ടിയിരുന്നു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ രേഖകളുള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.
സിബിഐ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ അധീനതയില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങള്‍ക്ക് റെയ്ഡ് നടത്താന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍, മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസ് സിവില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നേവല്‍ ബേസിലെത്തിയ ശേഷമാണ് റെയ്ഡിന്റെ വിവരം സിബിഐ ഉദ്യോഗസ്ഥര്‍ നാവികസേനയെ അറിയിച്ചത്.
Discussion about this post