ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവില്‍ ഞെട്ടല്‍മാറാതെ ബന്ധുക്കളും അയല്‍വാസികളും.
സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.
അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലിസ് വൃത്തങ്ങളില്‍ അറിയുന്നത്. ദുര്‍മന്ത്രവാദത്തിന്റെ സാന്നിധ്യമാണ് പോലിസ് സംഭവത്തില്‍ സംശയിക്കുന്നത്. കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും തലേന്നു രാത്രി വരെ സന്തോഷത്തോടെ കണ്ടതാണെന്നുമാണ് അയല്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നത്.
പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാല്‍ വീട്ടിലെ കാവല്‍ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാല്‍ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം പോലിസിനു ശക്തമായി.
കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ പത്തുപേരുടെയും കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.
പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.
രാജസ്ഥാനില്‍ നിന്നുള്ള ഭാട്ടിയ കുടുംബം 22 വര്‍ഷം മുന്‍പാണു ബുരാരിയിലെ സന്ത് നഗറില്‍ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാര്‍ക്കു വേണ്ടി എപ്പോള്‍ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയല്‍വാസികള്‍ക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയല്‍ക്കാരിലൊരാള്‍ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുക ആയിരുന്നു.
Discussion about this post