ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായാൽ അത് സഖ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാകും. സംസ്ഥാനത്ത് സീറ്റുപിടിക്കാൻ കരുത്തുറ്റ സ്ഥാനാർത്ഥികളെ ഇറക്കി കളം നിറച്ച ബിിജെപിയ്ക്ക് ഇക്കുറി പിഴയ്ക്കില്ലെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. ഭൂരിഭാഗം എകിസ്റ്റ് പോളുകളും കേരളത്തിൽ താമര വിരിയുമെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞ ദിവസമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി ഇക്കുറിയും കേരളത്തിൽ യുഡിഎഫിന്റെ ആധിപത്യം ആണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ ഇതേസമയം തന്നെ കേരളത്തിൽ ബിജെപി ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ഉറപ്പായും ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറഞ്ഞു വയ്ക്കുന്നു.
കേരളത്തിൽ ബിജെപി രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളത്തിൽ താമര വിരിയുന്നതിനൊപ്പം ഇക്കുറി വോട്ട് ശതമാനം വർദ്ധിക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു. ആകെ വോട്ടുകളിൽ 27 ശതമാനം ആകും ബിജെപി സ്വന്തമാക്കുക. അങ്ങിനെയെങ്കിൽ സംസ്ഥാനത്ത് ബിജെപി സ്വന്തമാക്കുന്ന വലിയ നേട്ടമാകും ഇത്. കേരളം ഭരിക്കുന്ന എൽഡിഎഫ് 1 സീറ്റിൽ ഒതുങ്ങി പോകുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫിന് 17 മുതൽ 18 സീറ്റുകൾവരെ നേടുമെന്നും ആക്‌സിസ് ഇന്ത്യ വ്യക്തമാക്കുന്നുണ്ട്.
ആക്‌സിസ് മൈ ഇന്ത്യയുടെ ഈ പ്രവചനം ശരിവയ്ക്കുകയാണ് ന്യൂസ് 18 നിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ. കേരളത്തിൽ എൻഡിഎ 1 മുതൽ 3 സീറ്റുകൾ വരെ നേടുമെന്നാണ് ന്യൂസ് 18 നിന്റെ പ്രവചനം.
ടൈംസ് നൗ ഇടിജിയും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിക്കുന്നു. ഒരു സീറ്റ് ഉറപ്പായും കേരളത്തിൽ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ഒന്ന് മുതൽ മൂന്ന് സീറ്റുകൾവരെ ബിജെപിയ്ക്ക് ലഭിക്കും എന്നാണ് എബിപി സി വോട്ടർ പ്രവചിക്കുന്നത്. നിലവിലെ ഭരിക്കുന്ന സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും പ്രവചിക്കുന്നു. കേരളത്തിൽ ബിജെപിയ്ക്ക് ഒരു സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് പ്രവചിക്കുകയാണ് ജൻ കി ബാത്തിന്റെ എക്‌സിറ്റ് പോൾ. ബിജെപിയ്ക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന് ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സും ഉറപ്പിക്കുന്നു.
ബിജെപി കേരളത്തിൽ ഒരിക്കലും സീറ്റ് നേടില്ലെന്നാണ് ഇടത്- വലത് മുന്നണികളുടെ പ്രചാരണം. തിരഞ്ഞെടുപ്പ് വേദികളിൽ ഇരു മുന്നണികളും ഇതേക്കുറിച്ച് ഖോരം ഖോരം പ്രസംഗിക്കുകയും ചെയ്തു. കേരളത്തിൽ ഒരിക്കലും താമര വിരിയില്ലെന്ന ഇവരുടെ പ്രതീക്ഷകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ തകർത്തത്.
Discussion about this post