വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായികിനെ മലേഷ്യല്‍ സര്‍ക്കാര്‍ ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.
മലേഷ്യയില്‍ നിന്ന് സാക്കീര്‍ നായികിനെ വിമാനത്തില്‍ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഇന്ന് രാത്രിയിലാണ് വിമാനം മലേഷ്യയില്‍ നിന്ന് പുറപ്പെടുക.
അതേ സമയം വാര്‍ത്ത തെറ്റാണെന്നാണ് സാക്കീര്‍ നായിക് പറയുന്നത്. ഇപ്പോള്‍ ഇന്ത്യയിലേക്കില്ലെന്നും നായിക് പറയുന്നു. മതതീവ്രവാദികളെ സ്വാധീനിക്കുന്ന പ്രഭാഷണം നടത്തി തുടങ്ങിയ കേസുകളെ തുടര്‍ന്ന് 2016ലാണ് സാക്കീര്‍ നായിക് ഇന്ത്യ വിട്ടത് തുടര്‍ന്ന മലേഷ്യയിലെ പുത്രജയയിലായിരുന്നു താമസം. പുതിയ സര്‍ക്കാര്‍ വന്ന ശേഷം സ്ഥിരം താമസത്തിനുള്ള വിസക്കായി സാക്കീര്‍ നായിക് അപേക്ഷ നല്കി. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിക്കുകയായിരുന്നു.
സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മലേഷ്യന്‍ സന്ദര്‍ശനത്തിന് പിറകെ സാക്കീര്‍ നായികിനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയില്‍ 2016 ജൂലൈയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ സമ്മതിച്ചിരുന്നു. ഇതെത്തുടര്‍ന്നു 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തീവ്രവാദവിരുദ്ധ നിയമങ്ങള്‍ പ്രകാരമാണു കേസെടുത്തത്. നായിക് നേതൃത്വം നല്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) എതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തി ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരമാണു കേസ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയിലെ അംഗമാകല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയില്‍ പങ്കുചേരല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തീവ്രവാദം പ്രചരിപ്പിക്കുന്ന പീസ് ടിവി ചാനലുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐആര്‍എഫിന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഈ തീരുമാനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു.
Discussion about this post