സൗന്ദര്യം ഇന്ന് വലിയ ഒരു ഘടകമായി തീർന്നിരിക്കുകയാണ്. പലതരത്തിലുള്ള ചികിത്സകളും സൗന്ദര്യ പരിപാലനത്തിനും മറ്റുമായി ഇന്ന് ലഭ്യമാണ്. ആയിരക്കണക്കിന് മുതൽ കോടിക്കണക്കിന് രൂപ വരെ സൗന്ദര്യം വർദ്ധിപ്പിക്കാനായി ചെലവാക്കാൻ ഇന്ന് ആളുകൾ തയ്യാറാണ്. സിനിമാ താരങ്ങളുടെ ട്രെൻഡ് പിടിച്ച് സാധാരണക്കാരും മുഖസൗന്ദര്യത്തിന് പിന്നാലെ പോകുന്നു. എന്നാൽ ഇത് പലപ്പോഴും സ്വന്തം ആരോഗ്യം തന്നെ നഷ്ടപ്പെടാനുള്ള അവസ്ഥയിലേക്ക് മാറാറുണ്ട്.
അത്തരത്തിൽ വാംപയർ ഫേഷ്യൽ ചെയ്ത് 40കാരിക്ക് എച്ച്ഐവി പിടിപെട്ട വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ അതേ ക്ലിനിക്കിൽ ഫേഷ്യൽ ചെയ്ത രണ്ടുപേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു .ന്യൂ മെക്സിക്കോയിലെ ഒരു മെഡിക്കൽ സ്പായിൽ നിന്ന് വാംപയർ ഫേഷ്യൽ ചെയ്ത മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധിച്ചതായി യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി റിപ്പോർട്ടിൽ പറയുന്നു. 2018 മുതൽ 2023 വരെ ക്ലിനിക്കിൽ നടത്തിയ അന്വേഷണത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗത്തിനായി ഉദേശിച്ചിട്ടുള്ള ഡിസ്പോസിബിൾ ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചതായി തെളിഞ്ഞതായി സിഡിസി റിപ്പോർട്ട് പറയുന്നു. 2018ലാണ് ന്യൂ മെക്സിക്കോയിലെ ആരോഗ്യവിഭാഗം സ്പായെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
അപകടസാധ്യതയുള്ള ഘടകങ്ങളൊന്നുമില്ലാതിരുന്നിട്ടും 40 വയസ്സുള്ള സ്ത്രീക്ക് എച്ച്ഐവി ബാധിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. ഈ ക്ലിനിക്കിൽവെച്ച് സിറിഞ്ച് ഉപയോഗിച്ചുള്ള ഒരു ചികിത്സ ഇവർ ചെയ്തിരുന്നു. അതേ വർഷം തന്നെ ഇവിടെനിന്ന് വാംപയർ ഫേഷ്യൽ ചെയ്ത മധ്യവയസ്‌കരായ രണ്ട് സ്ത്രീകൾക്കാണ് എച്ച്ഐവി ബാധ റിപ്പോർട്ട് ചെയ്തത്. അതിൽ ഒരാളുടെ അണുബാധ 2019-ൽ രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടേത്താൻ കഴിഞ്ഞു. രണ്ടാമത്തെയാളുടെ അണുബാധ കണ്ടെത്തിയതാകട്ടെ 2023-ൽ കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ്.
40 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരാണ് രോഗികൾ എന്ന സിഡിസി റിപ്പോർട്ടു ചെയ്തു. സ്പായിലെ അടുക്കളയിലും റഫ്രിജറേറ്ററിലും ഭക്ഷണത്തിനും കുത്തിവെപ്പ് ഉപകരണങ്ങൾക്കും അടുത്തായി ലേബൽ ചെയ്യാത്ത ബ്ലഡ് ട്യൂബുകളുടെ ഒരു റാക്ക് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പുറമെ ഡ്രോയറുകളിലും കൗണ്ടറുകളിലും ചവറ്റുകുട്ടകളിൽ ഉപേക്ഷിച്ച നിലയിലും പൊതിയാത്ത നിലയിൽ സിറിഞ്ചുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
എന്താണ് വാംപയർ ഫേഷ്യൽ?
പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ (പിആർപി) ഫേഷ്യൽ എന്നും അറിയപ്പെടുന്ന വാംപയർ ഫേഷ്യൽ ഒരുസൗന്ദര്യ വർധക മാർഗമാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നെടുക്കുന്ന രക്തം മുഖത്ത് കുത്തിവെച്ച് നടത്തുന്ന ഫേഷ്യലാണിത്. ചർമ കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഈ രീതിയിലുള്ള പ്രക്രിയക്ക് കഴിയുമെന്ന് കരുതപ്പെടുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും മുഖത്തെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും മൊത്തത്തിലുള്ള ചർമ്മത്തിന്റെ നിറത്തിന് തിളക്കം നൽകാനും കഴിയുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. കിം കർദിഷിയാനെ പോലുള്ള സെലബ്രിറ്റികൾക്കിടയിൽ ഈ ഫേഷ്യൽ പ്രശസ്തമാണ്.
വാംപയർ ഫേഷ്യലുകളിൽ, വളർച്ചാ ഘടകങ്ങൾ അടങ്ങിയ പ്ലേറ്റ്‌ലെറ്റുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ടിഷ്യു മെച്ചപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടീനുകളാൽ സമ്പുഷ്ടമായ പ്ലാസ്മ വേർതിരിച്ചെടുക്കാൻ രക്തം ഒരു സെൻട്രിഫ്യൂജിൽ വയ്ക്കുകയും അതിൽ നിന്ന് പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ചെടുത്ത് വാംപയർ ഫേഷ്യലിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
വാംപയർ ചെയ്യുന്നയാളുടെ സ്വന്തം രക്തം തന്നെ ഉപയോഗിക്കുന്നതിനാൽ ഇത് സുരക്ഷിതവും കൂടുതൽ ഫലപ്രദവുമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ, രക്തം ഉപയോഗിച്ചുള്ള രീതിയായതിനാൽ അപകടസാധ്യത ഏറിയതുമാണ്. അതിനാൽ പരിചയ സമ്പന്നരായ, ലൈസൻസുള്ള ത്വക്ക് രോഗവിദഗ്ധരുടെയോ പ്ലാസ്റ്റിക് സർജന്റെയോ സഹായത്തോടെ കൂടി മാത്രമേ ഇത് ചെയ്യാവൂ എന്നും നിർദേശിക്കുന്നു. ഫേഷ്യൽ ചെയ്തതിന് ശേഷം ചിലപ്പോൾ വേദനയോ നീരോ അനുഭവപ്പെടാൻ ഇടയുണ്ട്. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം ഇത് അപ്രത്യക്ഷമാകും.
Discussion about this post