അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. മറ്റു ഗതാഗത സർവീസുകൾക്കും മഴ വലിയ തടസ്സമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മുതൽ അബുദാബിയിൽ കനത്ത മഴ പെയ്തിരുന്നു. വ്യാഴാഴ്ചയോടെ മറ്റ് എമിറേറ്റുകളിലേക്കും മഴ വ്യാപിക്കുകയായിരുന്നു. ദുബായിൽ മഴയെ തുടർന്ന് ഫെറി സർവീസും ഇന്റർസിറ്റി ബസ് സർവീസും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് റാസൽഖൈമയിൽ റോഡ് തകർന്നും ഗതാഗത തടസ്സം ഉണ്ടായി.
ദുബായ് വിമാനത്താവളത്തിൽ നിന്നും 13 വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ദുബായിലേക്ക് എത്തേണ്ടിയിരുന്ന ഒൻപത് വിമാനങ്ങളും ദുബായിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന നാലു വിമാനങ്ങളുമാണ് റദ്ദാക്കിയത്. മറ്റു സർവീസുകളുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും രണ്ടുദിവസത്തേക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
Discussion about this post