ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ ഘടിപ്പിച്ച ആളില്ലാ ചെറുവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 400 ദശലക്ഷം ഡോളര്‍ വിലയുള്ള പത്ത് ഹെറോണ്‍ ടി.പി ഡ്രോണുകളാണ് വാങ്ങുക.
പ്രൊജക്ട് ചീറ്റ പദ്ധതിപ്രകാരം വാങ്ങുന്ന ഈ ആളില്ലാ ചെറുവിമാനങ്ങള്‍ കൃത്യമായി ലക്ഷ്യം ഭേദിയ്ക്കാന്‍ കഴിവുള്ള ചെറിയ മിസൈലുകള്‍ ഘടിപ്പിച്ചതാണ്. ഇത്തരം വിമാനങ്ങള്‍ ഇന്ന് വരെ പര്യവേഷണങ്ങള്ക്കോ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ആദ്യമായാണ് ആയുധങ്ങളും മിസൈലുകളും ഘടിപ്പിച്ച ഇത്തരം ആളില്ലാവിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നത്.
പ്രൊജക്ട് ചീറ്റ യൂപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതാണ് . പക്ഷേ സര്‍ക്കാര്‍ ഒട്ടും പിന്തുണ നല്കാഞ്ഞതുകൊണ്ട് മുന്നോട്ടുപോയില്ല. 2015ല്‍ നരേന്ദ്രമോദി ഗവണ്മെന്റ് ഈ പദ്ധതിയെ പുനരുജ്ജീവിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഇസ്രേയലില്‍ നിന്നു മാത്രമല്ല അമേരിയ്ക്കയില്‍ നിന്നും ആയുധധാരിയായ പ്രെഡെറ്റര് ആളില്ലാ ചെറുവിമാനങ്ങളും വാങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
2009ല്‍ ഇറാനില്‍ നിന്ന് സുഡാന് വഴി ഗാസയിലെത്തിയ്ക്കാന് ശ്രമിച്ച ഇരുപത്തിമൂന്ന് ട്രക്കുകളില്‍ നിറച്ച ആയുധ വ്യൂഹത്തെ സുഡാന് മരുഭൂമിയില്‍ വച്ച് ഇസ്രേയല്‍ ബോംബിട്ട് തകര്‍ത്തത് ഈ ഹെറോണ്‍ ടി.പി ആളില്ലാച്ചെറുവിമാനങ്ങള് ഉപയോഗിച്ചാണ്.
വളരെ താഴ്ന്ന് പറക്കാന്‍ സാധിയ്ക്കുന്ന ഈ ചെറുവിമാനങ്ങള്‍ ഭീകരവാദകേന്ദ്രങ്ങള് വ്യക്തമായി മനസ്സിലാക്കുന്നതുമുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനു വരെ ഉപയോഗിയ്ക്കാം. 2,700 കെ.ജി ഭാരം വഹിയ്ക്കാന്‍ ശേഷിയുള്ള ഈ ചെറുവിമാനങ്ങള്‍ മുപ്പതു മണിയ്ക്കൂര്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിയ്ക്കാനാകും.
Discussion about this post