നാഗ്പൂരിലെ ഡോക്ടർ ബാബാസാഹിബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച മൾട്ടി മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ് ആൻഡ് എയർപ്പോർട്ട് (MIHAN ) താൽപ്പര്യം പ്രകടിപ്പിച്ച് യൂറോപ്യൻ കമ്പനികൾ. ദസാൾട്ട്, ബോയിങ്ങ് എന്നീ കമ്പനികൾ അവരുടെ നിർമ്മാണ, അസംബ്ളിങ്ങ്, സർവീസ് യൂണിറ്റുകൾ ഇവിടെ സ്ഥാപിയ്ക്കാൻ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.
.
അതിനായി യൂറോപ്യൻ കമ്പനികൾ ഇന്ത്യൻ പാർട്ണർമാരെ തിരയുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ദസാൾറ്റ് റിലയൻസ് എയ്രോസ്പേസ് ലിമിറ്റഡ് അവരുടെ ഫാൽക്കൻ 2000 യാത്രാവിമാനത്തിന്റെ നിർമ്മാണശാലയും റാഫേൽ ജെറ്റ് യുദ്ധവിമാനത്തിനു വേണ്ട യന്ത്രഭാഗങ്ങളുണ്ടാക്കുന്ന ഫാക്ടറിയും ഇവിടെ 104 ഏക്കറിൽ സ്ഥാപിയ്ക്കുമെന്നാണറിയുന്നത്.
അതേസമയം അമേരിയ്ക്കൻ വിമാനക്കമ്പനിയായ ബോയിങ്ങ് എയർ ഇന്ത്യയുമായിച്ചേർന്ന് ഒരു വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്യുകയും സർവീസിങ്ങ് ചെയ്യുകയും ചെയ്യുന്ന ഒരു ഫാക്ടറി തുടങ്ങിക്കഴിഞ്ഞു. 800 കോടി രൂപ മുതൽ മുടക്കിൽ ആണ് ഇത് തുടങ്ങിയിരിയ്ക്കുന്നത്. സ്പൈസ് ജറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വിമാനക്കമ്പനികളും ഈ സൗകര്യങ്ങൾ ഉപയോഗിയ്ക്കുമെന്നറിയുന്നു. ഇതിനു ചുറ്റുമുള്ള പ്രത്യേക സാമ്പത്തികമേഖലയിൽ ഏതാണ്ട് 74 കമ്പനികൾ നിക്ഷേപം മുടക്കിക്കഴിഞ്ഞു. ഇരുപത്തിയെട്ട് കമ്പനികൾ പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്തല്ലെങ്കിലും അതിനു ചുറ്റുമുള്ള എയർപോർട്ടിന്റെ തന്നെ പ്രദേശങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വ്യോമഗതാഗതം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിലുള്ള കമ്പനികളാണ് കൂടുതലും നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് MIHAN മാർക്കറ്റിങ്ങ് മാനേജർ സമീർ ഗോയങ്ക അറിയിച്ചു. 32 കമ്പനികൾ പ്രവർത്തനം പൂർണ്ണമായും ആരംഭിച്ചതായും 11500 പേർക്ക് നേരിട്ടു തൊഴിൽ ലഭിച്ചതായും സമീർ ഗോയങ്ക അറിയിച്ചിട്ടുണ്ട്.
ഒരു രീതിയിലുള്ള മലിനീകരണവും ഉണ്ടാക്കുന്ന വ്യവസായങ്ങൾ ഈ മേഖലയിൽ ഇല്ല. ഈ പദ്ധതിയുടെ ഭാഗമായി പദ്ധതിപ്രദേശങ്ങളിൽ അഞ്ചുലക്ഷം വൃക്ഷങ്ങളാണ് നട്ടു പിടിപ്പിച്ചിരിയ്ക്കുന്നത്. ഈ പദ്ധതിപ്രദേശങ്ങളിലേയ്ക്ക് ആവശ്യമുള്ള എഞ്ചിനീയർമാരെ വാർത്തെടുക്കുന്നതിനായി നാഗ്പൂർ യൂണിവേഴ്സിറ്റി 43 എഞ്ചിനീയറിങ്ങ് കോളേജുകളാണ് പുതിയതായി തുടങ്ങിയിരിയ്ക്കുന്നത്. അങ്ങനെ മാനുഷിക വിഭവശേഷി മുതൽ എല്ലാ നിലയിലും സ്വയം പര്യാപ്തമായ രാജ്യത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാവും മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ് ആൻഡ് എയർപ്പോർട്ട് നാഗ്പൂർ (MIHAN ) .
Discussion about this post