രാജ്യത്തെ ചില ബലാത്സംഗ വാര്‍ത്തകള്‍ പരാമര്‍ശിച്ച് റേപ്പിസ്ഥാന്‍ എന്ന് ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ ജമ്മു കശ്മീര്‍ പൊതുഭരണ വിഭാഗത്തോട് കേന്ദ്രം ആവശ്യപ്പെട്ടു. 2010 ലെ സിവില്‍ സര്‍വ്വീസ് ഒന്നാം റാങ്കുകാരനായ കശ്മീര്‍ സ്വദേശി ഷാ ഫൈസലിനെതിരെയാണ് നടപടിയ്ക്കൊരുങ്ങുന്നത്.
ജമ്മു കശ്മീരിലെ വൈദ്യുതി വികസന മന്ത്രാലയം എംഡിയായിരുന്ന ഷാ ഫൈസല്‍. ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തുകയാണ്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പൊതുഭരണ വിഭാഗം ഫൈസലിന് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വിഭാഗം ആവശ്യപ്പെട്ട പ്രകാരം വിശദീകരണം നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഷാ ഫൈസലിന്റെ ട്വീറ്റ് സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ മാസം 22നാണ് ഗുജറാത്തില്‍ അശ്ലീല ചിത്രത്തിന് അടിമയായയാള്‍ 46 കാരിയെ ബലാത്സംഗം ചെയ്ത വാര്‍ത്ത, ‘ഗോത്ര ഭരണ വ്യവസ്ഥ + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍’ എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു.
https://twitter.com/shahfaesal/status/1016683369004982272
വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് ഷാ ഫൈസല്‍ തന്നെയാണ് പുറത്തു വിട്ടത്. ‘ബലാത്സംഗ സംസ്കാരത്തിനെതിരെയുള്ള സര്‍ക്കാസ ട്വീറ്റിന് എന്റെ ബോസ് എനിക്കൊരു പ്രേമലേഖനം അയച്ചിട്ടുണ്ട്’ എന്ന പേരിലാണ് കത്ത് പുറത്തുവിട്ടത്.
Discussion about this post