തിരുവനന്തപുരം : രാജ്യത്തെ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചു കളി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കാണിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയന്റ് സെക്രട്ടറി എസ്.സി.എല്‍. ദാസിന്റെ കത്ത് കഴിഞ്ഞ ജൂണില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്നാണ് ആഭ്യന്തരമന്ത്രാലയം ആരാഞ്ഞിരുന്നത്.
സിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, സിമി പ്രവര്‍ത്തകരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
സിമിയുടെ നിരോധന കാലാവധി 2019 ജനുവരി 31-ന് അവസാനിക്കുന്നത്. അതിനുശേഷവും നിരോധനം തുടരണമോയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആരായുന്നത്. 2014 ഫെബ്രുവരി ഒന്നിനാണ് അഞ്ചുവര്‍ഷത്തേക്ക് സിമിയെ കേന്ദ്രം നിരോധിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിമിയുടെ നിരോധനം നീട്ടുന്നതില്‍ അഭിപ്രായം തേടിയിരിക്കുന്നത്. സിമിയുടെ പഴയനേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഇപ്പോഴുള്ളതെന്നതും ശ്രദ്ധേയമാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ഇതുവരെ കേരളം അനുകൂല നിലപാട് എടുത്തിട്ടില്ല. ആശയപരമായ എതിര്‍പ്പാണ് നിരോധനമല്ല വേണ്ടതെന്ന പരസ്യനിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ മുദ്രാവാക്യം ഉയര്‍ത്തി 1977-ലാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ സിമി നിലവില്‍വന്നത്. ഇതിനിടെ പലവട്ടം കേന്ദ്ര സര്‍ക്കാരും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ട്രിബ്യൂണലും സിമിയെ നിരോധിച്ചു. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് 1993-ലായിരുന്നു ആദ്യ നിരോധനം. അമേരിക്കയിലെ 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ സിമിയെ വീണ്ടും നിരോധിച്ചു. 2003-ലും 2006-ലും സിമിയെ നിരോധിച്ചിരുന്നു.
നിരോധനകാലത്തും സിമിപ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പ് 2014-ല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിമിയുടെ പുതിയരൂപമാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടെന്നാണ് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. എണ്‍പതുകളില്‍ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയനേതാക്കളായ ഇ.എം. അബ്ദുല്‍ റഹ്മാന്, ഇ. അബൂബക്കര്‍, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ എന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നു.
Discussion about this post