കോഴിക്കോട്: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവിനും 50000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. സംശയരോഗവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണം. രാമനാട്ടുകര കോടമ്പുഴ ചാത്തൻപറമ്പിൽ പുള്ളിത്തൊടി വീട്ടിൽ ലിജേഷി(38) നെതിരെയാണ് ശിക്ഷ വിധിച്ചത്.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് മോന കൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. ഇവരുടെ അഞ്ചും ഏഴും വയസുള്ള കുട്ടികൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായി ഫോണിലൂടെ പ്രശ്‌നമുണ്ടാക്കിയ ലിജേഷ് രാത്രിയോടെ വീട്ടിലെത്തുകയും കത്രിക ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കഴുത്തിൽ ഉൾപ്പെടെ പരിക്കു പറ്റിയിട്ടുണ്ട്. ഫറോക്ക് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സ്‌റ്റേഷൻ ഓഫീസർ കൃഷ്ണനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ എൻ ഷംസുദ്ദീൻ, അഡ്വ രശ്മി റാം എന്നിവർ ഹാജരായി.












