തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറായന് ഡി.സി ബുക്സിന്റെ ഇപ്പോഴത്തെ മാനേജ്മെന്റിന് അവകാശമില്ലെന്ന വിമര്‍ശനവുമായി എഴുത്തുകാരന് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന് സജു ചേലങ്ങാട്. തന്റെ പിതാവിന്റെ പുസ്തകം പ്രസിദ്ധീകരിക്കുകയോ പകര്‍പ്പവകാശം കൈമാറുകയോ ചെയ്യാത്ത ഡി.സി ബുക്സ് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി ബലം പിടിക്കുന്നത് അപഹാസ്യമാണെന്ന് സജു ചേലങ്ങാട് പറയുന്നു. .
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് എസ്. ഹരീഷിന്റെ വിവാദ നോവലായ ‘മീശ’ പ്രസിദ്ധീകരിച്ചതെന്ന് ഡിസി രവി അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് സജു ചേലങ്ങാടിന്റെ പ്രതിഷേധം.
ആരോപണം ഇങ്ങനെ-ചേലങ്ങാട് ഗോപാലകൃഷ്ണന് വര്‍ഷങ്ങളായി സിനിമാ മംഗളത്തിലെഴുതിയ ‘വാണവരും വീണവരും’ എന്ന കോളം ഡി.സി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് പുനഃപ്രസിദ്ധീക്കാന് തയാറാകുന്നില്ലെന്നാണ് സജു ചേലങ്ങാടിന്റെ ആരോപണം.ആരാധകര്‍ പ്രതിഷേധവുമായി എത്തി എന്ന കാരണം പറഞ്ഞാണ് പുസ്തകം വിലക്കിയതെന്നും സജി പറയുന്നു.
2012 നവംബറിലാണ് ‘വാണവരും വീണവരും’ ഡി.സി പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. എന്നാല്‍ പഴയകാലത്തെ പ്രമുഖ സംഗീത സംവിധായകനെതിരെയും നടനെതിരെയും വന്ന ചില പരാമര്‍ശങ്ങളുടെ പേരില്‍ പുസ്തകം വിവാദമായി. സംഗീത സംവിധായകന്റെ സ്വവര്‍ഗരതിയെക്കുറിച്ചും നടന് സ്ത്രീകളുമായുള്ള അടുപ്പത്തെക്കുറിച്ചുമുള്ള പരാമര്‍ശമാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധവുമായി എത്തിയെന്നു വാദിച്ച് രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ ഡി.സി തയാറായില്ല്. അതിനിടെ ആദ്യ പതിപ്പിന്റെ മുഴുവന്‍ കോപ്പികളും ദിവസങ്ങള്‍ക്കകം വിറ്റഴിക്കുകയും ചെയ്തിരുന്നു. ഡി.സി കിഴക്കേമുറിയുമായി ഉറ്റബന്ധമുണ്ടായിരുന്ന തന്റെ അച്ഛന്റെ പുസ്തകത്തോട് നിലവിലെ മാനേജ്മെന്റ് മുഖംതിരിക്കുകയാണെന്ന് സജു ചേലങ്ങാട് ആരോപിക്കുന്നു. ഈയൊരു പുസ്തകത്തിന്റെ പേരില്‍ അച്ഛന്റെ മറ്റു രണ്ടു പുസ്തകങ്ങള്‍ കൂടി ഡി.സി മനപൂര്‍വം പുനഃപ്രസിദ്ധീകരിക്കാതിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഡി.സി 2012 മാര്‍ച്ചില്‍ പുറത്തിറക്കിയ ‘അന്നത്തെ നായികമാര്‍’, അവരുടെതന്നെ ഉടമസ്ഥതയിലുള്ള കറന്റ് ബുക്സ് 2013 ഏപ്രിലില്‍ പുറത്തിറക്കിയ ‘ലോക സിനിമയുടെ ചരിത്രം’ എന്നിവയാണ് പുനഃപ്രസിദ്ധീകരിക്കാതിരിക്കുന്നത്. വിവാദങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഈ രണ്ടു പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ദുരൂഹമാണെന്നും സജു പറഞ്ഞു.പുനഃപ്രസിദ്ധീകരിക്കുന്നില്ലെങ്കില് പകര്‍പ്പവകാശം മടക്കിത്തരണമെന്ന് ഡി.സിയോട് സജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകര്‍പ്പവകാശം തിരിച്ചുതരാമെന്ന് ഇ-മെയില്‍ വഴി അറിയിച്ചെങ്കിലും ഓരോ ഒഴിവുകഴിവ് പറഞ്ഞ് നീട്ടുകയാണെന്നും സജു പറയുന്നു. ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം തിരിച്ചു തരാതെ കൈവശം വെച്ചിരിക്കുന്ന ഡി.സി ബുക്സ് ആവിഷ്കാരസ്വാതന്ത്ര്യത്തിനായി ബലം പിടിക്കുന്നത് പിഹാസ്യമാണെന്നും സജു പറയുന്നു.
ഒരു സിനിമ വാരികയില്‍ കോളമായി അച്ചടിച്ചുവന്നതാണ് ‘വാണവരും വീണവരും’. എന്നാല്‍ ആ സമയത്ത് ഒരു വിവാദവുമുണ്ടായിരുന്നില്ല. പുസ്തകമായി പുറത്തിറങ്ങിയപ്പോള്‍ വിവാദമുണ്ടായെന്നാണ് ഡി.സിയുടെ വാദമെന്ന് സജു പറയുന്നു.
ആദ്യ പതിപ്പില്‍ ചില വിവാദപരമായ പരാമര്‍ശങ്ങള്‍ വന്നതുകൊണ്ടാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാത്തതെന്ന് ഡി.സി ബുക്സ് അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍, പകര്‍പ്പവകാശം കൈമാറിയിട്ടുണ്ടെന്നും പകര്‍പ്പവകാശ കാലാവധി 2017ല്‍ തന്നെ അവസാനിച്ചതാണെന്നും ഡി.സി ബുക്സ് പ്രതികരിച്ചു.
Discussion about this post