ഡല്‍ഹി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണോ അതോ പുറത്താക്കണോ എന്നു പ്രതിപക്ഷം വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി റെയില്‍വേ സ്റ്റേഷന്റെ പുനര്നാമകരണച്ചടങ്ങിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മുഗള്‍സാരായി റെയില്‍വെസ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷന് എന്നാക്കി. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
പൗരത്വ രജിസ്ട്രേഷനെ എതിര്‍ത്താണ് കോണ്‍ഗ്രസും മമതയും നില്‍ക്കുന്നത്. തന്റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തു തുടരണം എന്നാണോ ആഗ്രഹിക്കുന്നതെന്ന് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും വ്യക്തമാക്കണം.യുപിയിലെ ജനങ്ങള്‍ അനധികൃത കുടിയേറ്റങ്ങള്ക്കെതിരെയാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
ഒബിസി ബില്‍ ഭേദഗതിയില്‍ രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. ഇതോടെ പിന്നോക്കക്കാരുടെ ക്ഷേമമാണോ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മനസിലാകുമെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷസഖ്യം യാഥാര്‍ത്ഥ്യമായാലും ബിജെപിക്കു തിരിച്ചടിയാകില്ലെന്നും അമിത്ഷാ പറഞ്ഞു.
Discussion about this post