വ്യവസായ സംരക്ഷണസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തെ മാത്രം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും കര്‍ണാടകയിലും സമരം ജനങ്ങളെ ഒരു വിധത്തിലും ബാധിച്ചില്ല. ചെന്നൈ നഗരത്തിലും, ബംഗളൂരുവിലും പണിമുടക്കിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തലസ്ഥാന നഗരമായ ഡല്‍ഹിയിലും, വാണിജ്യനഗരമായ മുംബൈയിലും പണിമുടക്ക് നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഒരു പ്രദേശങ്ങളിലും സാധാരണക്കാരായ ജനങ്ങളെ പണിമുടക്ക് ബാധിച്ചിട്ടില്ല. കേരളമൊഴികെ മറ്റൊരിടത്തേയും സാധാരണക്കാര്‍ക്ക് മോട്ടോര്‍ വാഹന പണിമുടക്ക് ഉണ്ടെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ഹരിയാന, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ധര്‍ണയും മറ്റ് പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയും വാഹനങ്ങള്‍ പതിവ് പോലെ തന്നെ ഓടുന്നുണ്ട്.
അതേസമയം കേരളത്തില്‍ മോട്ടോര്‍വാഹന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആര്.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ ജനജീവിതം പലയിടത്തും പ്രതിസന്ധിയിലായി. പണിമുടക്ക് അനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയാണ്.
കെ.എസ്.ആര്.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
Discussion about this post