ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താനായി ബി.ജെ.പി ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിലപാടിന്റെ ഭാഗമായാണിത്. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയമകമ്മിഷന് കത്തെഴുതിയതിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 11 സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നതായി ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറം, ഹരിയാണ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ബിഹാര്‍ എന്നിവടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ നടക്കുക. ഈ നീക്കം ഭരണഘടനാ ഭേദഗതിയില്ലാതെ തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. 2019 ഏപ്രില്‍-മേയ് മാസങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനായി ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും ചില സംസ്ഥാനങ്ങളിലേത് ആറുമാസത്തോളം വൈകിക്കാനും പദ്ധതിയുണ്ട്. തിരഞ്ഞെടുപ്പ് വൈകിക്കേണ്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. ബി.ജെ.പി. ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് ജനുവരിയോടെ തിരഞ്ഞെടുപ്പ് നടക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഈ സംസ്ഥാനങ്ങളില്‍ ആറുമാസത്തേക്കു തിരഞ്ഞെടുപ്പു മാറ്റിവെക്കാനുള്ള സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കാലാവധി അവസാനിക്കുന്ന ഹരിയാണ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യാണ് ഭരണത്തിലുള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ശ്രമം ഇവിടങ്ങളില്‍ വിജയിക്കുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.
Discussion about this post