ഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പരിപാടിയില്‍ വെച്ച് യോഗ അവതരിപ്പിക്കാനൊരുങ്ങുന്നു.ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലായിരിക്കും മോദിയുടെ യോഗ അവതരണം.
യോഗയിലെ ശാരീരിക അഭ്യാസങ്ങളും ശ്വാസനിയന്ത്രണവുമെല്ലാം മോദി പരിപാടിയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 21 ആദ്യ അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ്പരിപാടി സംഘടിപ്പിക്കുന്നത്.
മോദിയുടെ ദിനചര്യകളില്‍ യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്. യോഗയെ ഒഴിച്ചു നിര്‍ത്തിയുള്ള ദിവസങ്ങള്‍ മോദിയുടെ ജീവതത്തില്‍ അപൂര്‍വമാണ്. യോഗ അഭ്യാസമാണ് തന്റെ ഊര്‍ജത്തിന്റെ രഹസ്യമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഐക്യരാഷ്ട്രസഭയിലും മോദി യോഗയുടെ ഗുണത്തെ സംബന്ധിച്ച് സംസാരിച്ചിരുന്നു. യോഗയ്ക്ക് ലോകമെമ്പാടും വലിയ പ്രചാരമാണ് ലഭിയ്ക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ സ്കൂളുകളില്‍ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായുള്ള യോഗ മറ്റു മതക്കാരിലും അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ രാജസ്ഥാന് സര്‍ക്കാര്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ലോകത്തെ ഏറ്റവും മികച്ച ശാരീരികാഭ്യാസ മുറയായ യോഗയെ യോഗയുടെ ജന്മനാട്ടുകാര്‍ മതത്തിന്റെയോ മറ്റ് ചിന്തകളുടെയോ പേരില്‍ മാറ്റി നിര്‍ത്തുന്നത് ശരിയെല്ലെന്ന അഭിപ്രായവും ശക്തമാണ്.
Discussion about this post