മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാക്കാനായി ജലനിരപ്പ് കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ തമിഴ്നാടിന്റെ നടപടിയില്‍ സുപ്രിം കോടതി ഇടപെടുന്നു. ജലനിരപ്പ് 139 അടിയാക്കാമോ എന്ന് സുപ്രിം കോടതി ആരാഞ്ഞു. മേല്‍നോട്ട സമിതിയോട് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന് മറുപടിയായി അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്ക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക വര്‍ഷങ്ങളായി കേരളം ഉന്നയിക്കുന്നതാണെങ്കിലും അത് ചെവിക്കൊള്ളാതെ വെള്ളത്തിന്റെ അളവ് 152 അടി ആക്കണമെന്നാണ് തമിഴ്നാട് സ്വീകരിക്കുന്ന നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാമിന്റെ നിയന്ത്രണ ചുമതല തമിഴ്നാട് സര്‍ക്കാരിനാണ്. വളര്‍ഷങ്ങളായി ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
കേരളത്തിലെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. കടലിലേക്ക് വെള്ളം ഒഴുകി പോകാതെ ആലുവ, പറവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വെള്ളത്തിലായി. മുല്ലപ്പെരിയാറില്‍നിന്ന് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്ന വെള്ളം എത്തിയിരിക്കുന്നത് പെരിയാറിലൂടെ ആലുവയിലാണ്.
Discussion about this post