കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പറവൂര്‍ എം എല്‍ എ വി ഡി സതീശന്. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫോണ്‍ എടുത്തില്ലെന്നും ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ച് തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഓഫീസില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല എംഎല്‍എ ആരോപിച്ചു.
ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറെ വിളിച്ചിരുന്നു. എല്ലാം തയ്യാറാണെന്ന മറുപടിയാണ് ലഭിച്ചതെങ്കിലും പറവൂരിലേക്ക് ഒന്നും എത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നുവെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടര്‍ വിളിക്കുകയും പത്ത് മെഡിക്കല്‍ ടീമിനെ ഇങ്ങോട്ട് അയക്കാമെന്നു പറയുകയും ചെയ്തു. ഒരുകിറ്റ് മരുന്നുപോലും ആരോഗ്യവകുപ്പില്‍നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ്. ഒരാഴ്ചയായി ഡി എം ഒ ഫോണ്‍ എടുത്തിട്ടില്ല. വെള്ളം തുറന്നുവിടുന്നെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. കിട്ടിയിരുന്നെങ്കില്‍ ആളുകളെ മാറ്റാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുതലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. ഇതുവരെ രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. അയ്യായിരത്തോളം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ രക്ഷാപ്രവര്‍ത്തനം സൈന്യത്തിനെ ഏല്പിക്കാത്തതിനെതിരെയും സതീശന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ വി ഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ പറഞ്ഞു.
Discussion about this post