എറണാകുളം:കപ്പൽ നിർമ്മാണ രംഗത്ത് കൊച്ചി കപ്പൽ ശാലയ്ക്ക് നിർണായക നേട്ടം. കപ്പൽ നിർമ്മാണത്തിനായി യൂറോപ്പിൽ നിന്നും ആയിരം കോടി രൂപയുടെ കരാർ ലഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായാണ് കൊച്ചി കപ്പൽ ശാലയ്ക്ക് കരാർ ലഭിച്ചിരിക്കുന്നത്. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഓഫ്ഷോർ വിൻഡ് ഫാം മേഖലയ്ക്കായുള്ള സേവനങ്ങൾക്ക് വേണ്ടിയുള്ളതാണ് കപ്പൽ. ഓഫ്‌ഷോർ വിൻഡ് ഫാമിന്റെ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടിയും കപ്പൽ ഉപയോഗിക്കും.
ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ യാനങ്ങളിൽ സ്ഥാപിക്കും എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത്തരം ബാറ്ററികൾ സ്ഥാപിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കഴിയും. ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. കേരളത്തിലേക്ക് ഇത്തരം കരാറുകൾ എത്തുന്നത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യും. കരാർ 2026 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
ജനുവരിയിൽ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ യൂറോപ്പിൽ നിന്നുള്ള നിർമ്മാണത്തിന് കൊച്ചി കപ്പൽ ശാലയ്ക്ക് 500 കോടി രൂപയുടെ കരാർ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയിരം കോടി രൂപയുടെ കരാർ ലഭിക്കുന്നത്. ഇതിന് മുൻപ് ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിയ്ക്കായി 488.25 കോടി രൂപയുടെ കരാറും കൊച്ചി കപ്പൽ ശാലയ്ക്ക് ലഭിച്ചിരുന്നു.
Discussion about this post