കരുണാനിധിയുടെ മരണത്തിന് ശേഷം മകനായ എം.കെ.സ്റ്റാലിന്‍ ഇന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) അധ്യക്ഷനായി ചുമതലയേറ്റു. പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയോട് കൂടിയാണ് സ്റ്റാലിന്‍ ചുമതലയേറ്റത്. അരനൂറ്റാണ്ട് കാലത്തോളം കരുണാനിധിയായിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ചുമതലയേറ്റത്.
ഇതേ ചടങ്ങില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ് ദുരൈമുരുഗനെയും തിരഞ്ഞെടുത്തു. ഡി.എം.കെയുടെ മുഴുവന്‍ ജില്ലാ സെക്രട്ടറിമാരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്റ്റാലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.
അതേസമയം തെക്കന്‍ തമിഴ്‌നാട്ടിലെ ശക്തന്‍ എം.കെ. അഴഗിരിക്കു പിന്തുണയുമായി ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. സഹോദരി എം.കെ.കനിമൊഴിയും സ്റ്റാലിനെയാണ് പിന്തുണയ്ക്കുന്നത്. കരുണാനിധിയായിരുന്നു അഴഗിരിയെ മധുരയിലേക്കയച്ചത്. കരുണാനിധിയുടെ മരണംവരെ നിലനിന്ന ആ ധാരണ മറികടന്ന് അഴഗിരി സ്റ്റാലിന്റെ തട്ടകത്തില്‍ കരുത്തു തെളിയിക്കാനെത്തുകയാണ്. അഞ്ചിനു ചെന്നൈയില്‍ ഒരു ലക്ഷം പേരുടെ റാലി നടത്തുമെന്ന് അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ട്.
പരാജയങ്ങളില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാനാണ് സ്റ്റാലിന്റെ ശ്രമം. ഇതിനായി തിരുവാരൂരിലും തിരുപ്പറന്‍കുണ്ട്രത്തും ഉപതിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇത് കൂടാതെ അടുത്ത കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പും ഉണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളും അഴഗിരിയുടെ ശക്തി കേന്ദ്രമായിരുന്ന മധുര മേഖലയിലാണ്.
അതേസമയം സ്റ്റാലിന്റെ മകന്‍ ഉദയാനിധി സ്റ്റാലിനെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.
തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഴഗിരി വ്യക്തമാക്കിയിട്ടുണ്ട്. കരുണാനിധിയുടെ മരണത്തിന് ശേഷം പാര്‍ട്ടി ദുര്‍ബലമാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ പോരാട്ടത്തിനിറങ്ങുന്നതെന്നും അഴഗിരി പറഞ്ഞു. റാലിയോടെ തമിഴകത്തു തനിക്ക് എത്രമാത്രം പിന്തുണയുണ്ടെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post