കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ ഒരു കോടി രൂപ മെഡിക്കല്‍ കോളേജ് അധികൃതര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു.
വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വീഴ്ച വരുത്തിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് ഒരു കോടി 20 ലക്ഷം രൂപയാണ് പിഴയായി അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതില്‍ നിന്നും ഒരു കോടി ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം വീതം സുപ്രീം കോടതി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് ഓണ്‍ റെക്കോഡ് അസോസിയേഷനും നല്‍കണം. ഈ തുകകള്‍ സെപ്റ്റംബര്‍ 20ന് മുമ്പായി കൈമാറണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇത് കൂടാതെ സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, ഈടാക്കിയ ഫീസിന്റെ ഇരട്ടി തുക തിരികെ നല്‍കുകയും വേണം. തുക വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയതിന്റെ രേഖകള്‍ സെപ്റ്റംബര്‍ മൂന്നിനകം പ്രവേശന മേല്‍നോട്ട സമിതിക്ക് കൈമാറിയാല്‍ മാത്രമെ ഈ വര്‍ഷം കോളേജില്‍ പ്രവേശനം നടത്താനാകൂവെന്നും കോടതി പറഞ്ഞു. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കരുത്.
Discussion about this post