ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നല്‍കിയത് ഒരു അപഭ്രംശമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പരമാധികാരം എന്നുള്ള കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് പിന്‍വാങ്ങിയപ്പോള്‍ അവര്‍ ഇന്ത്യയെ ഒരു പരമാധികാരമുള്ള രാജ്യമായി കാണാന്‍ താല്‍പര്യപ്പെട്ട് കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാധികാരം എന്നുള്ള ആശയത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പറ്റിയുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അജിത് ദോവല്‍. ഇന്ത്യ എന്ന രാജ്യത്തിന് ഒരു നല്ല അടിത്തറ പണിയുന്നതില്‍ ഒരു പ്രധാനപ്പെട്ട് പങ്ക് വഹിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം വിട്ട് പോകുമ്പോള്‍ ഇന്ത്യയെ വിഭജിക്കാനുള്ള ബ്രിട്ടീഷിന്റെ തന്ത്രത്തെ അദ്ദേഹം നേരത്തേ തന്നെ മുന്നില്‍ക്കണ്ടുവെന്നും അജിത് ഡോവല്‍ പറഞ്ഞു.
രാഷ്ട്ര നിര്‍മ്മാണം എന്നുള്ളത് വളരെയധികം സമ്മര്‍ദ്ദം ഉളവാക്കുന്ന ഒരു പ്രക്രിയയാണെന്നും ഈ ഒരു സമ്മര്‍ദ്ദത്തില്‍ നിന്ന് തന്നെയാണ് വിവിധ വ്യക്തിത്വങ്ങള്‍ ഒന്നായി ഒരു രാഷ്ട്രത്തിന്റെ വ്യക്തിത്വമായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ രൂപീകരിക്കപ്പെട്ടപ്പോള്‍ ഈ സമ്മര്‍ദ്ദം കുറവായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാതന്ത്ര്യ നേടിയെടുത്ത രീതി മൂലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post