കൊല്‍ക്കത്ത: ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൃദു ഹിന്ദുത്വ നിലപാടുകളുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലെ പ്രമുഖ ആഘോഷമായ ദുര്‍ഗ പൂജക്ക് സര്‍ക്കാര്‍ വക 28 കോടി രൂപ ഗ്രാന്റ് അനുവദിച്ചു. കമ്മ്യൂണിറ്റി ഡെവലപ്പ്മന്റെ് പ്രോഗ്രാമിനു കീഴിലുള്ള ഓരോ പൂജാ കമ്മിറ്റികള്‍ക്കും 10,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
കൊല്‍ക്കത്തയില്‍ മാത്രം 3000 പൂജ കമ്മിറ്റികളും സംസ്ഥാനത്തൊട്ടാകെ 28,000 പൂജ കമ്മിറ്റികളുമാണുള്ളത്. പൂജ സംഘാടകരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ പൂജ നടത്തിപ്പിന് അഗ്നിശമന വിഭാഗത്തില്‍ നിന്ന് അനുവാദം വാങ്ങുന്നതിന് ഫീസ് അടക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിലാണ് ദുര്‍ഗാ പൂജ ആഘോഷം.
കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ ദിനത്തിലെ ദുര്‍ഗ്ഗാ പൂജ ആഘോഷചടങ്ങുകള്‍ മാറ്റിവെക്കണമെന്ന മമതയുടെ പ്രസ്താവന വിവാദമായിരുന്നു. ദുര്‍ഗ്ഗാ പൂജ ആഘോഷം തടഞ്ഞ മമത സര്‍ക്കാരിന്റെ തീരുമാനം കോടതി ഇടപെട്ട് റദ്ദാക്കുകയും ചെയ്തു.
ദുര്‍ഗ്ഗാപൂജയ്ക്ക് 28 കോടി അനുവദിച്ചതിനെതിരെ സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന തീരുമാനമാണെന്ന് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചു. ഇന്ധന നികുതി കുറച്ച് ജനഭാരം ലഘുകരിക്കാതെ മതകാര്യങ്ങള്‍ക്ക് പണം അനുവദിക്കുകയാണ് സര്‍ക്കാരനെന്ന് സിപിഎം നേതാവ് ആരോപിച്ചു. പള്ളി ഇമാമുമാര്‍ക്കു, പള്ളിയില്‍ ബാങ്കു വിളിക്കുന്നവര്‍ക്കും മമത സര്‍ക്കാര്‍ ഹോണറേറിയം നല്‍കുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടി.
Discussion about this post