വിനായക ചതുര്‍ത്ഥി ഘോഷയാത്രയോടനുബന്ധിച്ച് ചെങ്കോട്ട, തെങ്കാശി താലൂക്കുകളില്‍ സാമുദായിക സംഘര്‍ഷം. വ്യാഴാഴ്ച നടന്ന വിനായക ചതുര്‍ത്ഥി ഘോഷയാത്രയെ ആക്രമിച്ചതിനോടനുബന്ധിച്ചാണ് പ്രദേശങ്ങളില്‍ സാമുദായിക സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്.
ചെങ്കോട്ടയില്‍ വിനായകചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തെരുവിലൂടെ വിനായക വിഗ്രഹം ഘോഷയാത്രയായി കൊണ്ടു പോയപ്പോഴാണ് ആക്രമണമുണ്ടായത്. തിരുനല്‍വേലി കളക്ടര്‍ ശില്‍പ്പാ പ്രഭാകര്‍ ചെങ്കോട്ട, തെങ്കാശി താലൂക്കുകളില്‍ 144-ആം വകുപ്പു പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ആ പ്രദേശത്തെ മദ്യശാലകള്‍ അടച്ചിടാനും തീരുമാനമെടുത്തു.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ചെങ്കോട്ടയിലെ വെസ്റ്റ് പെരിയ പള്ളിവാസല്‍ തെരുവിലൂടെ വിനായക ഘോയാത്ര കടന്നുപോകുകയായിരുന്നു. വിനായക വിഗ്രഹത്തേയും ആഘോഷത്തിന്രെ ഭാഗമായുണ്ടായ ബാന്‍ഡ് മേളത്തേയും ഒരു വിഭാഗം മുസ്ലീങ്ങള്‍ തടഞ്ഞു. വിനായകവിഗ്രഹം ആ തെരുവിലൂടെ കൊണ്ടുപോകാനാകില്ല എന്ന് പ്രതിഷേധമുയര്‍ത്തി. യുവാക്കളുടെ സംഘമാണ് ഘോഷയാത്ര പോകാന്‍ അനുവദിക്കാതെ തടസ്സുമായി മുന്നോട്ടു വന്നത്. ഘോഷയാത്രയെ എതിര്‍ത്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കല്ലേറൂണ്ടാവുകയും മൂന്ന് പോലീസുകാര്ക്കുള്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും, കടകളും ,എടിഎം കൗണ്ടറുകളും ആക്രമത്തില്‍ തകര്‍ക്കപ്പെട്ടു.
ഘോഷയാത്ര പോകുന്ന സമയത്ത് പോലീസ് സുരക്ഷാ സംവിധാനം കുറവായിരുന്നു എന്നാണ് ആരോപണം . കഴിഞ്ഞ വര്‍ഷങ്ങളില്‍ വിനായക ഘോഷയാത്രയുടെ സമയത്ത് പത്ത് പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു എന്നാല്‍ ഇത്തവണ രണ്ട് വനിതാപോലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.
എന്നാല്‍ ഘോഷയാത്ര സംഘര്‍ഷത്തിലേക്ക് എത്തിയ സമയത്ത് പോലിസ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു. തിരുനല്‍വേലി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കപില്‍ കുമാറും പോലീസ് സൂപ്രണ്ട് അരുണ്‍ ശക്തികുമാറും പോലീസ് സേനയുമായി സ്ഥലത്ത് ക്യാമ്പ് ചെയ്യാന്‍ തുടങ്ങി. സംഭവത്തിനു ശേഷം പോലിസ് ഇരു വിഭാഗങ്ങ ളെയും സമാധാന ചര്‍ച്ചകല്‍ക്കായി വിളിച്ചുചേര്‍ക്കുകയും ചെയ്തു. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.
കളക്ടറും പോലീസ് സൂപ്രണ്ടും ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അതേ വഴിയിലൂടെ തന്നെ കൂടുതല്‍ പോലീസ് സേനയുടെ സഹായത്തോടെ ഘോഷയാത്ര നടത്താന്‍ തീരുമാനിയ്ക്കുകയും ചെയ്തു. ആ തെരുവിലൂടെ പോകുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്നും സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ പെരുമാറരുതെന്നും ഘോഷയാത്ര നടത്തുന്നവരോട് കളക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. .
വെള്ളിയാഴ്ച ചര്‍ച്ചകള്‍ക്ക് ശേഷം വീണ്ടും നടത്തിയ ഘോഷയാത്രയില്‍ ചേരി നിര്‍മ്മാര്‍ജ്ജന കോളനിയുടെ ഭാഗത്തുനിന്ന് ഘോഷയാത്രയിലേക്ക് കല്ലേറുണ്ടാവുകയും ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് അക്രമികളെ തുരത്തിയോടിച്ച് ഘോഷയാത്ര തുടര്‍ന്നെങ്കിലും രണ്ടാം തവണയും ചര്‍ച്ചകള്‍ക്ക് ശേഷവും ആക്രമണമുണ്ടായത് പ്രദേശത്ത് സംഘര്‍ഷസാദ്ധ്യത വര്‍ദ്ധിപ്പിയ്ക്കുകയായിരുന്നു.
തമിഴ്നാട് പോലീസ് ഐജി ഷണ്മുഖരാജേശ്വരന് ഉള്‍പ്പെടെ അറുനൂറു പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് വിനായകവിഗ്രഹം നിമഞ്ജനം നടത്തിയത്. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് ചെങ്കോട്ടയിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിപ്രഖ്യാപിയ്ക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച ചെങ്കോട്ട, തെങ്കാശി താലൂക്കുകളില്‍ ശക്തമായ പോലീസ് സാന്നിദ്ധ്യം തുടരുകയാണ്.
Discussion about this post