തിരുവനന്തപുരം: സ്വന്തം പാർട്ടിയിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം ഇടത് കൺവീനർ ഉപേക്ഷിച്ചത് എന്ന് ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിലെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തി പാർട്ടി പ്രവേശനത്തെക്കുറിച്ച് ധാരണയായിരുന്നു. അവസാന നിമിഷത്തിലാണ് അദ്ദേഹം പിന്മാറിയത് എന്നും അവർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കൂടുതൽ വെളിപ്പെടുത്തൽ.
മൂന്ന് ഘട്ടങ്ങളായുള്ള ചർച്ചകൾ ആണ് നടന്നത്. കേരളത്തിലെ ഇടത്- വലത് നേതാക്കളിൽ പലരുമായും നേതൃത്വം ചർച്ച നടത്തി. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയില്ല. കാരണം പാർട്ടിയ്ക്ക് ചില നയങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് തനിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയ്ക്കും എതിരെ ആരോപണം ഉയർന്നിരുന്നു. താൻ വിജയിക്കുമെന്ന് അവർക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇടതും വലതും ചേർന്ന് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള പണമാണ് അതെന്നും ശോഭാ വെളിപ്പെടുത്തി. എഐ ക്യാമറ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാരിനെതിരെ താൻ അഴിമതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയും അദ്ദേഹം നേതൃത്വം നൽകുന്ന പാർട്ടിയും വേട്ടയാടുകയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഒൻപത് കോൺഗ്രസ് നേതാക്കളുമായി ബിജെപി പ്രവേശനത്തെക്കുറിച്ച് ചർച്ച നടത്തി. എന്നാൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ല. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനുമായി ഗൂഢാലോചന നടത്തിയെന്ന സിപിഎമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഇപി ജയരാജനുമായി 90 ശതമാനത്തോളം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ അദ്ദേഹം ബിജെപിയിൽ ചേരാൻ താമസിക്കുകയായിരുന്നു. മുതിർന്ന നേതാവ് എന്ന നിലയിൽ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നും ശോഭ വ്യക്കതമാക്കി.
കേരളത്തിലെ വികസനമില്ലായ്മ പ്രധാനമന്ത്രിയുടെ കാതുകളിൽ എത്താതിരിക്കാനാണ് എൽഡിഎഫും കോൺഗ്രസും സിഎഎ ആയുധമാക്കുന്നത്. ബിജെപി തൊട്ടുകൂടായ്മയുള്ള പാർട്ടിയാണെന്ന ധാരണയാണ് തന്റെ വെളിപ്പെടുത്തലിലൂടെ ഇല്ലാതെ ആയത്. എൽഡിഎഫ് കൺവീനർ വരെ ബിജെപിയിലേക്ക് ആകൃഷ്ടനാകുന്നു എന്നത് കേരളത്തിലെ വോട്ടർമാർ മനസിലാക്കിയെന്നും ശോഭാ കൂട്ടിച്ചേർത്തു.
Discussion about this post