ലക്‌നൗ: റായ്ബറേലി തന്റെ കുടുംബത്തിന്റെ കർമ്മ ഭൂമിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുടുംബത്തിന്റെ കർമ്മ ഭൂമിയാണ് മാതാവ് സോണിയ തന്റെ കരങ്ങളിൽ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത് എന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷക്കാലമായി തന്റെ മാതാവിനൊപ്പം നിന്ന മണ്ഡലമാണ് റായ്ബറേലി. അതിനാൽ ഇവിടെ നിന്നുള്ള സ്ഥാനാർത്ഥിത്വം തന്നോട് വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെ കർമ്മഭൂമി കൈമാറി കൊണ്ട് വലിയ ഉത്തരവാദിത്വമാണ് മാതാവ് തന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ മണ്ഡലത്തിലെ ആളുകളെ സേവിക്കാൻ മികച്ച അവസരവും ഒരുക്കി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേഠിയിലെയും റായ്ബറേലിയിലെയും ആളുകൾ തനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. ഈ രണ്ട് മണ്ഡലങ്ങളും തമ്മിൽ തനിക്ക് വേർതിരിവ് ഇല്ല. 40 വർഷക്കാലം കോൺഗ്രസിന്റെ സേവകൻ ആയിരുന്ന കിഷോർ ലാൽ അമേഠിയെ പ്രതിനിധീകരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും രാഹുൽ വിശദമാക്കി.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു റായ്ബറേലിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മത്സരിക്കുമെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. നിലവിൽ വയനാട് മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് അദ്ദേഹം. രാഹുലിന്റെ ഇരട്ട സ്ഥാനാർത്ഥിത്വം വയനാട് മണ്ഡലത്തിലെ ആളുകളിൽ വലിയ അതൃപ്തിയാണ് ഉളവാക്കിയിരിക്കുന്നത്.
Discussion about this post