തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി അനുഭവപ്പെടുന്ന കൊടിയ ചൂടും ഉഷ്ണ തരംഗവും തുടക്കം മാത്രം. വരും വർഷങ്ങളിലും അതിശക്തമായ ചൂടും ഉഷ്ണതരംഗവും ഉണ്ടാകുമെന്നാണ് പഠന റിപ്പോർട്ടുകൾ. കടൽ തിളച്ചുമറിയുന്ന ദിനങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും പഠനത്തിൽ പരാമർശിക്കുന്നു.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 1950 മുതൽ 2020 വരെയുള്ള കാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർദ്ധിച്ചു. ഇത് സമുദ്രത്തോട് ചേർന്ന് കിടക്കുന്ന കരഭാഗത്തിന് വലിയ ഭീഷണിയാണ്. 2020 മുതൽ 2100 വരെയുള്ള ഓരോ പത്ത് വർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ ചൂട് വർദ്ധിക്കാം. ഇത് കടൽചൂട് 28.5 ഡിഗ്രി സെൽഷ്യസ് മുതൽ 30.7 ഡിഗ്രി സെൽഷ്യസ് വരെ എന്ന തരത്തിലാകും. ഇത് ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കും.
നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസം മുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രത്തിന്റെ ഉപരിതലത്തിൽ ചൂട് വർദ്ധിക്കുന്നത് ദോഷകരമാകും. ചൂട് വർദ്ധിക്കുന്നത് വഴി കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും ഇത് സമുദ്ര ജല അമ്ലവത്കരണം വേഗത്തിലാക്കുകയും ചെയ്യും. പവിഴപ്പുറ്റുകളുടെ നിലനിൽപ്പിനെ ഇത് സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Discussion about this post