2019ലെ പൊതു തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപി തന്ത്രം. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ വിവിധ തുറകളിലുള്ള മ70 ഓളം താരങ്ങളുടെ പട്ടിക തന്നെ പാര്‍ട്ടി തയ്യാറാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ബിജെപിയുടെ പുതിയ നീക്കം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, മോഹന്‍ ലാല്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.തിരുവനന്തപുരത്തു നിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍ നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍ നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍ നിന്ന് സണ്ണി ഡിയോള്‍ ഈ രീതിയില്‍ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം താരങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും, അഭിനയമാണ് തന്റെ തൊഴിലെന്നും, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച് വിശദീകരിച്ചത്. എന്നാല്‍ അത്തരമൊരു സാധ്യത പൂര്‍ണമായും അദ്ദേഹം തള്ളികളഞ്ഞതുമില്ല.
പ്രശസ്തരെ കളത്തിലിറക്കി സീറ്റുകള്‍ നേടുന്ന തന്ത്രം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിലും പയറ്റി വിജയിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിംഗ്, പ്രതാപ് സിംഹ, ധര്‍മ്മേന്ദ്ര തുടങ്ങി സുരേഷ് ഗോപി വരെ ഇത്തരതത്തില്‍ ബിജെപിയിലെത്തിയവരാണ്. കലാസാംസ്ക്കാരിക രംഗത്തു നിന്നു നിരവധി പേരാണ് കേന്ദ്രസര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നത്. ഇവരുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
സ്വച്ഛ ഭാരത് പോലുള്ള പദ്ധതികളില്‍ സെലിബ്രേറ്റികളെ അണി നിരത്താന്‍ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞിരുന്നു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രിമാരും എംപിമാരും പ്രമുഖരെ വീട്ടിലെത്തി കണ്ട് സര്‍ക്കാരിന്റെ വികസന പത്രിക കൈമാറിയിരുന്നു.
Discussion about this post