ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കോൺഗ്രസിന്റെ സ്പിരിറ്റ് ഓഫ് കോൺഗ്രസ് എന്ന എക്‌സ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന അരുൺ റെഡ്ഡിയാണ് അറസ്റ്റിലായത്. അമിത് ഷായുടെ വ്യാജ വീഡിയോ തയ്യാറാക്കിയതും സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് അരുൺ റെഡ്ഡിയാണെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്.
ഡൽഹി പോലീസാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ അരുൺ റെഡ്ഡിയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ സെല്ലിന്റെ ദേശീയ കോർഡിനേറ്റർ ആണ് അരുൺ.
ബിജെപി സർക്കാർ അധികാരത്തിൽവന്നാൽ മുസ്ലീങ്ങൾക്കായുള്ള സംവരണം നിർത്തലാക്കും എന്ന് അമിത് ഷാ പറയുന്ന തരത്തിലുള്ള വീഡിയോ ആണ് അരുൺ പ്രചരിപ്പിച്ചത്. പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തായിരുന്നു ഈ വീഡിയോകളുടെ നിർമ്മാണം. ഇക്കാര്യം തെളിഞ്ഞതോടെയാണ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
വ്യാജ വീഡിയോ തയ്യാറാക്കാനും പ്രചരിപ്പിക്കാനും ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്ക് അയച്ചു. പോലീസ് അന്വേഷണം ഭയന്ന് ഇയാൾ തെളിവുകൾ നശിപ്പിച്ചിരുന്നു. ഡിലീറ്റ് ചെയ്ത തെളിവുകൾ ഫോറൻസിക് പരിശോധനയിലൂടെ വീണ്ടെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സമാന കേസുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി വീഡിയോ വൻതോതിൽ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായ അഞ്ച് പേരും. പിന്നീട് ഇവരെ 10,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പോലീസ് സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകാൻ ഇവർക്ക് നിർദ്ദേശവും നൽകിയിരുന്നു.
കഴിഞ്ഞ മാസം 27 നായിരുന്നു അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി ലഭിച്ചത്. തെലങ്കാന കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ അതിവേഗത്തിൽ പ്രചരിക്കുകയായിരുന്നു.
Discussion about this post