ഇന്ത്യയുടെ വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെപ്പറ്റി ബ്ലോഗ് എഴുതിയിരിക്കുകയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അദ്ദേഹം ഓരോ നിമിഷവും ഇന്ത്യയെ ഒരു മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റാന്‍ വേണ്ടി പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വാഴ്ത്തപ്പെടാത്ത നായകന്മാരെ മോദി തന്റെ മൊബൈല്‍ ആപ്പിലൂടെ അഭിനന്ദിക്കുന്നുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഒരു സംഘടനയിലോ സര്‍ക്കാരിലൊ ചെറിയൊരു പ്രവര്‍ത്തനം നടത്തുന്നയാളെപ്പോലും അദ്ദേഹം അഭിനന്ദിക്കാറുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
‘സംഘടനകളെ മുന്നോട്ട് നയിക്കുന്നത് സ്വന്തം താല്പര്യങ്ങള് മാറ്റിവെക്കുന്നവരാണ്. അദ്ദേഹം അതുപോലൊരാളാണ്,’ അമിത് ഷാ പറഞ്ഞു.
നിയമവും നീതിയും ന്യായവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യക്തി കൂടിയാണ് മോദിയെന്ന് ഷാ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ജനങ്ങളോട് ഭയമില്ലാതെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യാറുണ്ടെന്ന് ഷാ പറഞ്ഞു.
‘എല്ലാ കുടുംബങ്ങള്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് വേണമെന്നുള്ളതും എല്ലാ വീട്ടിലും എല്‍.പി.ജി കണക്ഷന് വേണമെന്നുള്ളതും അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. ജന്‍ ധന് യോജനയുടെ കീഴില്‍ 32 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് നേടിക്കൊടുക്കാന്‍ സാധിച്ചു. 5 കോടിയിലധികം വനിതകള്‍ക്ക് സൗജന്യമായി എല്‍.പി.ജി കണക്ഷനും നേടിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്,’ ഷാ പറഞ്ഞു.
ഇത് കൂടാതെ മോദിയെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയമായും അദ്ദേഹം താരതമ്യപ്പെടുത്തി. വാജ്പേയിയെപ്പോലെത്തന്നെ മോദിയും ഇന്ത്യയിലൊട്ടാകെ വികസനം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഷാ ചൂണ്ടിക്കാട്ടി. മോദിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളിലെ റോഡുകളുടെ വികസനവും നഗരങ്ങളിലെ ഹൈവേകളുടെ വികസനവും ധ്രുതഗതിയിലാണ് നീങ്ങുന്നതെന്ന് ഷാ ചൂണ്ടിക്കാട്ടി.
മോദിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ബി.ജെ.പിക്ക് മുമ്പ് സ്വാധീനമില്ലാതിരുന്ന മേഖലകളില്‍ പോലും ഇപ്പോള്‍ ഒരു ശക്തിയായി മാറാന്‍ സാധിച്ചതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post